ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനു മുന്നില്‍ മുട്ടുകുത്തിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പത്താന്‍കോട് വ്യോമതാവള ഭീകരാക്രമണം അന്വേഷിക്കുന്നതിനായി എത്തുന്ന പ്രത്യേക പാക് സംഘത്തിന് ഇന്ത്യയിലെത്തുന്നതിന് അനുമതി നല്‍കിയതിനാണു കേജരിവാള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ നടക്കുന്ന മിക്ക ഭീകരാക്രമണങ്ങളുടെയും പിന്നില്‍ പാക്കിസ്ഥാനാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും പിന്നെ അന്വേഷണത്തില്‍ എന്ത് പ്രസക്തിയാണെന്നും കേജരിവാള്‍ ചോദിച്ചു. ‘പാക്കിസ്ഥാന്‍ ഗോ ബാക്ക്’, ‘ഭാരത് മാ കി ധര്‍തി പര്‍ ഐഎസ്എ നഹി ചലേഗി’ എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്ററുകളും ഡല്‍ഹി നിയമസഭയില്‍ ഉയര്‍ത്തി.
പത്താന്‍കോട് വ്യോമതാവള ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പാക് അന്വേഷണ സംഘം ഞായറാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ഭീകരാക്രമണത്തില്‍ ജെയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് പാക് സംഘം ഇന്ത്യയിലെത്തുന്നത്. തിങ്കളാഴ്ച എന്‍ഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന അഞ്ചംഗ സംഘം ചൊവ്വാഴ്ച പത്താന്‍കോട് വ്യോമത്താവളത്തില്‍ തെളിവെടുക്കും. ഐഎസ്ഐ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സംഘമാണ് എത്തിയിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഗുരുദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിംഗ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. അതേസമയം പത്താന്‍കോട് വ്യോമതാവളത്തില്‍ പ്രവേശിക്കാന്‍ സംഘത്തിന് ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. വ്യോമസേനാ താവളത്തിലെ ടെക്നിക്കല്‍ മേഖലയിലേക്ക് പാക് സംഘത്തെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments