കൊച്ചി : അധിക നിരക്ക് ഈടാക്കുന്ന സംസ്ഥാനാന്തര ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. കേരളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന 156 സംസ്ഥാനാന്തര ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ നാലുലക്ഷം രൂപ പിഴ ഈടാക്കി. യാത്രാവാഹന പെര്‍മിറ്റ് ഉപയോഗിച്ച് വാണിജ്യാവശ്യത്തിനുള്ള ചരക്ക് കൊണ്ടുവന്ന ബസുകള്‍ക്കും പിഴയിട്ടു.
യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെ ചെക് പോസ്റ്റുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും പരിശോധന തുടരുമെന്നു ഗതാഗത കമ്മിഷണര്‍ വ്യക്തമാക്കി. ഏഴു ദിവസത്തെ പെര്‍മിറ്റ് എടുത്ത് കേരളത്തില്‍ പ്രവേശിച്ച് ദിനംപ്രതി ട്രിപ്പ് നടത്തിയിരുന്ന പോണ്ടിച്ചേരിയിലെ ബസിന് അയ്യായിരം രൂപ പിഴ ചുമത്തിയതിനു പുറമെ 80,000 രൂപ നികുതിയും ഈടാക്കി. എറണാകുളത്തെ പരിശോധനയിലാണു ബസ് പിടിയിലായത്.
തിരക്കുള്ള സീസണില്‍ സംസ്ഥാനാന്തര സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസ് ചെയ്യുന്നതുപോലെ 15 ശതമാനം അധിക തുക ഈടാക്കാമെന്നു ധാരണയുണ്ട്. കെ.എസ്.ആര്.ടി.സി നല്‍കാത്ത ചില നികുതികള്‍ സ്വകാര്യ ബസുകള്‍ നല്കുന്നതിനാല് ഇതിന് ആനുപാതികമായ നിരക്കും അധികമായി ഈടാക്കാം. കഴിഞ്ഞ 14നു തിരുവനന്തപുരത്തു ഗതാഗത കമ്മിഷണര്‍ ടോമിന് ജെ. തച്ചങ്കരി സംസ്ഥാനാന്തര ബസ് ഓപ്പറേറ്റര്‍മാരുടെ യോഗം വിളിച്ചാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. ഇതിലുമധികം നിരക്ക് ഈടാക്കിയാല്‍ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതു ലംഘിച്ച് അമിത നിരക്ക് ഈടാക്കിയ ബസുകള്‍ക്കാണു പിഴ ചുമത്തിയത്.
Post Your Comments