India

ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ : ഇസ്രത് ജഹാനെക്കുറിച്ച് വീണ്ടും

മുംബൈ : ഇസ്രത് ജഹാന്‍ ലഷ്‌കര്‍ ഭീകരവാദിയെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹെഡ്‌ലിയെ വിസ്തരിച്ചത്. ഇസ്രത് ജഹാന്‍ ലഷ്‌കര്‍ ഭീകരവാദിയാണെന്നു മൊഴി നല്‍കിയതിനു പിന്നില്‍ ആരുടെയും സമ്മര്‍ദ്ദമില്ലായിരുന്നുവെന്നു ഹെഡ്‌ലി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രത് ഭീകരവാദിയെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ഹെഡ്‌ലി വ്യക്തമാക്കിയത്.

ലഷ്‌കര്‍ നേതാവ് സാക്കിയൂര്‍ റഹ്മാന്‍ ലഖ്വിയാണ് ഇസ്രതിനെക്കുറിച്ചു പറഞ്ഞത്. എന്നാല്‍ അതിനു മുന്‍പ് മാധ്യമങ്ങളിലൂടെ ഇസ്രത് ജഹാനെക്കുറിച്ചു അറിഞ്ഞിരുന്നെന്നും ഹെഡ്‌ലി മൊഴി നല്‍കി. ലഷ്‌കറെയില്‍ വനിതാ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അബു ഐമാന്റെ മാതാവിനാണു അതിന്റെ ചുമതലയെന്നും എന്‍.ഐ.എയോട് നേരത്തെ പറഞ്ഞിരുന്നതായും ഹെഡ്‌ലി മൊഴി നല്‍കി.

അതേസമയം, ഇതിനു മുന്‍പു എന്‍.ഐ.എ രേഖപ്പെടുത്തിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ഹെഡ്‌ലി പറഞ്ഞു. ലഷ്‌കറിന്റെ ഉയര്‍ന്ന കമാന്‍ഡര്‍ എന്ന നിലയിലാണ് ഹെഡ്‌ലിയെ 2006 ല്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്വി, മുസാമില്‍ ഭട്ടിനു പരിചയപ്പെടുത്തിയതെന്നായിരുന്നു എന്‍.ഐ.എ രേഖപ്പെടുത്തിയിരിക്കുന്ന മൊഴി. അങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്നാണ് ഹെഡ്‌ലി ഇപ്പോള്‍ വ്യക്തമാക്കിയത്. മുസാമില്‍ ഭട്ട് തയാറാക്കിയ ഭീകരപദ്ധതികളെല്ലാം പരാജയമായിരുന്നുവെന്നു എന്‍.ഐ.എയോട് പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് എന്‍.ഐ.എ ഇങ്ങനെ രേഖപ്പെടുത്തിയതെന്ന് അറിയില്ല. 2010 ല്‍ രേഖപ്പെടുത്തിയ മൊഴി വായിച്ചു കേള്‍പ്പിച്ചില്ലെന്നും എന്തൊക്കെ വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ നല്‍കിയതെന്ന് ഓര്‍മയുണ്ടെന്നും ഹെഡ്‌ലി പറഞ്ഞു.

shortlink

Post Your Comments


Back to top button