മനാമ (ബഹ്‌റൈന്‍) : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ‘ബേബി പൗഡറി’ന് ജി.സി.സി രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത. അടുത്തിടെ ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ ക്യാന്‍സറിന് കാരണമാകുന്ന ചില ചേരുവകള്‍ ഈ പൗഡറിലടങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
വിപണിയില്‍ ഏറ്റവും കൂടുതല്‍ ചിലവഴിക്കപ്പെടുന്ന ബേബി പൗഡറായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം ഇത് പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. കാന്‍സറടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന ആസ്ബറ്റോസ് പൌഡറില്‍ അടങ്ങിയിട്ടുള്ളതായി പരിശോധനയില്‍ തെളിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ ഈ പരിശോധനാ റിപ്പോര്‍ട്ട് നിലവില്‍ ജി.സി.സി സുപ്രിം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് അംഗീകരിക്കുന്ന മുറയ്ക്ക് ബഹ്‌റൈനിലും തുടര്‍ന്ന് ഇതര ജി.സി.സി രാഷ്ട്രങ്ങളിലും നിരോധനം വന്നേക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യം ചില പ്രാദേശിക പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബേബി പൗഡറിനെതിരെ ബഹ്‌റൈനു പുറമെ മറ്റു രാജ്യങ്ങളിലും വ്യാപകമായ പരാതികളുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ഖത്തര്‍ ഈ പൗഡറിന് താല്‍ക്കാലിക നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. ബര്‍ക്കിങ്ഹാമിലെ ജാക്വിലിന്‍ ഫോക്‌സ് എന്ന സ്ത്രീ ഗര്‍ഭാശയ കാന്‍സര്‍ കാരണം മരിച്ച സംഭവത്തിലും ഇതേ കമ്പനിക്കെതിരെ സ്ത്രീയുടെ ബന്ധുക്കള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ ഉപയോഗമാണ് കാന്‍സര്‍ കാരണമായെന്നായിരുന്നു ആരോപണം. മൂന്നു വര്‍ഷം മുമ്പ് നല്‍കിയ ഈ കേസില്‍ ‘ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍’ കമ്പനി 720 ലക്ഷം ഡോളര്‍ (ഏകദേശം 493 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ 2016 ഫെബ്രുവരിയില്‍ വിധി വന്നിരുന്നു.
Post Your Comments