ക്വാലാലംപൂര്‍ : മൊസാംബിക് തീരത്തു കണ്ടെത്തിയ രണ്ടു വിമാനഭാഗങ്ങള്‍ മലേഷ്യന്‍ വിമാനത്തിന്റെതെന്ന് സ്ഥിരീകരിച്ചു. രണ്ടു വര്‍ഷം മുമ്പു കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് എം.എച്ച് 370 വിമാനത്തിന്റേതാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചതായി ഓസ്ട്രേലിയന്‍ ഗതാഗതമന്ത്രി ഡാരന്‍ ചെസ്റ്ററാണ് പറഞ്ഞത്. ഓസ്ട്രേലിയയും മലേഷ്യയും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ഏറെ ദുരൂഹമായ വ്യോമദുരന്തത്തിന്റെ ചുരുളുകള്‍ അഴിയുമെന്നാണ് കരുതുന്നത്. 2014 മാര്‍ച്ച് എട്ടിനു കോലാലംപുരില്‍ നിന്നു ബീജിങ്ങിലേക്കു പറന്ന വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 239 യാത്രക്കാരാണ് ഇതില്‍ ഉണ്ടായിരുന്നത്. വിമാനം കണ്ടെത്താനുള്ള ലോകത്തിന്റെ ശ്രമം വിഫലമാവുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിമാനത്തിന്റേതെന്നു കരുതുന്ന രണ്ടു ലോഹഭാഗങ്ങള്‍ മൊസാംബിക് തീരത്തു നിന്നു ലഭിച്ചത്. ചാരനിറമുള്ള ഒരു കഷണത്തില്‍ ‘നോ സ്റ്റെപ്പ്’ എന്ന് എഴുതിയിട്ടുണ്ട്. ഇത് മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിങ് 777 വിമാനത്തിന്റേതാണെന്ന് ഏകദേശം സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments