കൊച്ചി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ബാധകമായ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം അനുസരിച്ച് അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലോ കെട്ടിടത്തിലോ മതിലിലോ ബാനര്‍, നോട്ടീസ്, ചുവരെഴുത്ത് എന്നിവ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പരസ്യ ബോര്‍ഡ്, ഹോര്‍ഡിംഗ്, ബാനര്‍, കട്ടൗട്ട്, കൊടി തോരണം തുടങ്ങിയവ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രാദേശിക നിയമങ്ങളും കോടതിവിധികളും ബാധകമാകുമെന്നും കമ്മിഷന് അറിയിച്ചു.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങളും ബാനറുകളും വിലക്കണമെന്ന് ആവശ്യപ്പെട്ടു പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിശദീകരണം. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി.
ബോര്‍ഡും ബാനറും കട്ടൗട്ടും മറ്റും സ്ഥാപിക്കുന്നതു സ്ഥലം ഉടമയുടെ അനുമതിയോടെ, മറ്റാര്‍ക്കും അസൗകര്യം ഉണ്ടാകാത്ത വിധത്തിലാകണം. സ്ഥലങ്ങള്‍ വൃത്തികേടാക്കരുതെന്ന നിയമം പാലിക്കണമെന്നു ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമങ്ങളും കോടതിവിധികളും അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണെന്ന് അറിയിച്ചിട്ടുണ്ട്.
നിയമം നടപ്പാക്കേണ്ടതും ലംഘനത്തിന് നടപടിയെടുക്കേണ്ടതും ബന്ധപ്പെട്ട അധികാരികളാണ്. അതേസമയം, ഇക്കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമുണ്ടോ എന്നു പരിശോധിച്ചു ചട്ടം പാലിക്കുന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഉറപ്പാക്കുമെന്നും അറിയിച്ചു.
Post Your Comments