തിരുവനന്തപുരം : മുന്‍സിഫ്-മജിസ്‌ട്രേറ്റ് നിയമനത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
1995 ലെ പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റി ആക്‌ട് പ്രകാരം സര്‍ക്കാര്‍ തസ്‌തികകളില്‍ 3 ശതമാനം സംവരണം ഭിന്നശേഷിക്കാര്‍ക്കായി നീക്കിവയ്‌ക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവും സുപ്രീംകോടതിയുടെ വിധിയുമുണ്ട്. ഇതു തന്നെ ഒരു ശതമാനം അന്ധര്‍ക്കും ഒരു ശതമാനം ബധിരര്‍ക്കും ഒരു ശതമാനം ചലനവൈകല്യമുള്ളവര്‍ക്കുമായി നീക്കിവയ്‌ക്കണമെന്നാണ് നിയമം. മുനിസിഫ്-മജിസ്‌ട്രേറ്റ് നിയമനത്തിനുള്ള കേരള ജുഡീഷ്യല്‍ സര്‍വ്വീസ് പരീക്ഷയില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇപ്പോള്‍ ഒരു ശതമാനം സംവരണമാണ് നല്‍കിയിട്ടുള്ളത്. മാത്രമല്ല, പ്രത്യേക വയസ്സിളവ് അനുവദിച്ചിട്ടുമില്ല.
അന്ധര്‍, ബധിരര്‍ എന്നിവര്‍ ഈ തസ്‌തികയ്‌ക്ക് യോഗ്യരല്ല. അതിനാല്‍ മൂന്നു ശതമാനം സംവരണവും ചലനവൈകല്യമുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍, അത്തരത്തില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടില്ലാത്തത് ഭിന്നശേഷിക്കാരോട് കാണിക്കുന്ന അവഗണനയും അനീതിയുമാണ്.
ഭിന്നശേഷിയുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട 3 ശതമാനം സംവരണം ഉറപ്പുവരുത്തുന്നതു സംബന്ധിച്ച കത്ത് ഹൈക്കോടതിയിലെ ബന്ധപ്പെട്ട വകുപ്പില്‍നിന്നും 2014 ജൂണ്‍ മാസം സര്‍ക്കാരിലേക്ക് ശുപാര്‍ശയായി നല്‍കിയിരുന്നു. അഴിമതി നടത്തി സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടുന്ന സര്‍ക്കാരിന് ഭിന്നശേഷിക്കാരുടെ ഈ പ്രശ്‌നം സംബന്ധിച്ച് ഉത്തരവിറക്കാന്‍ ഹൈക്കോടതിയുടെ ശുപാര്‍ശ ഉണ്ടായിട്ടുപോലും ഇതുവരെയും സമയം ലഭിച്ചില്ല. ഈ വിഭാഗത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ മറ്റൊരു മുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഭിന്നശേഷിക്കാര്‍ക്ക് 3 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
Post Your Comments