Kerala

അരിയും കുടിവെള്ളവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു

തിരുവനന്തപുരം : അരിയും കുടിവെള്ളവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. പെരുമാറ്റച്ചട്ടതിന്റെ പേരിലാണ് കുടിവെള്ളവിതരണവും സൗജന്യ അരിവിതരണവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞത്. ഇതിനെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങി.

പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ കുടിവെള്ളവിതരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടസ്സം നിന്നാല്‍ നിയമനടപടി ആലോചിക്കേണ്ടിവരുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭായോഗവും ഇക്കാര്യം ചര്‍ച്ചചെയ്യും. വരള്‍ച്ച മുന്നില്‍ക്കണ്ട് കുടിവെള്ളവിതരണം കാര്യക്ഷമമാക്കാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ഇതിനായി പണം അനുവദിക്കുകയും ചെയ്തിരുന്നു. വരള്‍ച്ചാപ്രദേശങ്ങളില്‍ കുടിവെള്ളം നല്‍കുന്നതിന് പെരുമാറ്റച്ചട്ടം പ്രശ്‌നമല്ല. ഏപ്രില്‍ ഒന്നുമുതലുള്ള സൗജന്യ അരിവിതരണ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇതിനായി തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഉത്തരവിറക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു.

സൗജന്യ അരി വിതരണത്തിനുള്ള നടപടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ.മാജിയാണ് തിങ്കളാഴ്ച സര്‍ക്കാരിന് കത്ത് നല്‍കിയത്. കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള നടപടി കമ്മിഷന്‍ നേരത്തെ തടഞ്ഞിരുന്നു. കൊല്ലം ജില്ലയില്‍ ഇത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം വിളിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ച മന്ത്രിസഭായോഗം, തടസ്സം നീക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയക്കാന്‍ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

അതേസമയം പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് സൗജന്യ അരിവിതരണവും കുടിവെള്ള വിതരണവും തടഞ്ഞതെന്ന നിലപാടിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. പ്രഖ്യാപിച്ച പദ്ധതികള്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് നടപ്പാക്കി തുടങ്ങിയിട്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം അവ നടപ്പാക്കാന്‍ അനുവദിക്കരുതെന്നാണ് വ്യവസ്ഥ. സൗജന്യ അരിവിതരണം സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് ആര്‍ക്കും അരി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീല്‍ നല്‍കട്ടെ എന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിപാട്.

shortlink

Post Your Comments


Back to top button