NewsIndia

ചേരിയിലെ കുട്ടികള്‍ക്കായി ലൈബ്രറി ഒരുക്കി ഒമ്പത് വയസുകാരി

ഭോപ്പാല്‍: വിദ്യാഭ്യാസം നേടാന്‍ കഴിയാതെ ചേരിയില്‍ കഴിയുന്ന കുട്ടികള്‍ക്കായി ലൈബ്രറി ഒരുക്കിയിരിക്കുകയാണ് ഒമ്പത് വയസുകാരി മുസ്ഖാന്‍ അഹിര്‍വാര്‍. ഭോപാല്‍ സ്വദേശിനിയാണ് മുസ്ഖാന്‍ അഹിര്‍വാര്‍. ‘ബാല്‍ പുസ്തകാലയ്’ എന്നാണ് ഇവള്‍ ലൈബ്രറിക്ക് പേരിട്ടിരിക്കുന്നത്. മറ്റ് കുട്ടികളെ പോലെ സ്‌കൂള്‍ കഴിഞ്ഞ് വീട്ടില്‍ എത്തി മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ മുസ്ഖാന് സമയമില്ല. കാരണം വീടിനടുത്തുള്ള ലൈബ്രറിയില്‍ പുസ്തകങ്ങള്‍ എടുക്കാന്‍ കുട്ടികള്‍ വന്നിട്ടുണ്ടാകും. സ്വാതന്ത്യം നേടിതന്ന നേതാക്കന്‍മാരെ കുറിച്ചും ഇന്ത്യയിലെ രാജാക്കന്മാരെ കുറിച്ചുമുള്ള കഥകളടങ്ങിയ നിരവധി പുസ്തകങ്ങളാണിവിടെയുള്ളത്.

‘എനിക്ക് ഈ കാര്യങ്ങളൊക്കെ ചെയ്യാന്‍ വലിയ ഇഷ്ടമാണ്. ചേരിയിലെ കുട്ടികള്‍ എല്ലാ ദിവസവും വൈകുന്നേരം ഇവിടെ എത്തും പുസ്തകങ്ങളെടുക്കും അടുത്ത ദിവസം വൈകുന്നേരം തിരിച്ചെത്തിക്കുകയും ചെയ്യും’ മുസ്ഖാന്‍ പറയുന്നു. ‘ചിലര്‍ പുസ്തകങ്ങളെടുത്ത് ഇവിടെ തന്നെ ഇരുന്നാണ് വായിക്കുന്നത്. വായിച്ച ശേഷം മനസിലാകാത്ത കാര്യങ്ങള്‍ അവര്‍ എന്നോട് ചോദിക്കും. ഞാന്‍ അത് വായിച്ച് പറഞ്ഞ് കൊടുക്കും. ഇതിനൊക്കെ എന്റെ ചേച്ചിയും സഹായിക്കുന്നുണ്ടെന്നും’ മുസ്ഖാന്‍ പറയുന്നു.

സ്‌കൂളില്‍ നിന്നും മറ്റും ലഭിച്ച 25 പുസ്തകങ്ങളുമായാണ് മുസ്ഖാന്‍ തന്റെ ലൈബ്രറി ആരംഭിക്കുന്നത്. ‘ലൈബ്രറിയെ കുറിച്ച് ആളുകള്‍ അറിഞ്ഞതോടെ നല്ല നല്ല പുസ്തകങ്ങള്‍ ഇവിടെ എത്തിച്ചു തന്നു. ചിലര്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങി തന്നു’ മുസ്ഖാന്‍ പറഞ്ഞു. ഇപ്പോള്‍ 250 ഓളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. പുസ്തകങ്ങള്‍ക്കുള്ള രജിസ്റ്ററും പുസ്തകം എടുക്കുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്ററും മുസ്ഖാന്‍ ലൈബ്രറിയില്‍ ക്രമീകരിച്ചിട്ടുണ്ട്.

ആശാരിയായ മനോഹറിന്റെയും മായയുടെയും മകളാണ് മുസ്ഖാന്‍. സ്‌കൂളില്‍ പോയി തിരിച്ചെത്തിയ ശേഷം ഒരു ദിവസം കുട്ടികളുമായി കളിക്കുന്നതിനിടെയാണ് ചേരിയിലെ കുട്ടികളെ മുസ്ഖാന്‍ ശ്രദ്ധിക്കുന്നത്. പിന്നീട് ഇവരുമായി സൗഹൃദത്തിലാവുകയും അവര്‍ക്കായി ലൈബ്രറി തുടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. മുസ്ഖാന്റെ കഥ ദേശീയ മാധ്യമങ്ങളില്‍ എത്തിയതോടെ സഹായവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button