പതിനഞ്ച് പട്ടിക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അമ്മു എന്ന പെണ്‍പട്ടിയെ ഒരു പാഠം പഠിപ്പിക്കാനായി ബംഗളുരുവില്‍ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ ഭാര്യ എട്ടു കുഞ്ഞുങ്ങളെ എറിഞ്ഞു കൊന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന്‍ പൊന്നമ്മ എന്ന്‍ പേരുള്ള ഈ സ്ത്രീയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബംഗളുരുവിലെ കൃഷ്ണനഗര്‍ ഭാഗത്ത് മാര്‍ച്ച് 15-നാണ് പൊന്നമ്മ ഈ പൈശാചികമായ കൃത്യം ചെയ്തത്. ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടുകളില്‍ പുതുതായി പിറന്ന പതിനഞ്ച് പട്ടിക്കുഞ്ഞുകളേയും പൊന്നമ്മ എറിഞ്ഞു കൊന്നതായാണ് പറഞ്ഞിരിക്കുന്നത്.
മുന്‍സൈനികരുടെ താമസസ്ഥലമായ ഭാഗത്തെ മറ്റു താമസക്കാര്‍ സംഭവമറിഞ്ഞ് പോലീസില്‍ അറിയിക്കുകയും ജീവന്‍ നഷ്ടപ്പെട്ട പട്ടിക്കുഞ്ഞുങ്ങളെ കുഴിച്ചിടുകയും ചെയ്തു.
പക്ഷേ, അമ്മു എന്ന അമ്മപ്പട്ടി കുഴിമാന്തി കുഞ്ഞുങ്ങളെ പുറത്തെടുത്ത് മുലയൂട്ടാന്‍ ശ്രമിക്കുന്ന കരളലിയിക്കുന്ന കാഴ്ചയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവര്‍ കാണേണ്ടി വന്നത്. അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മു തന്‍റെ കുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെട്ട സ്ഥലത്ത് അത്യന്തം ദുഃഖിതയായി തമ്പടിച്ചിരിക്കുകയാണ്.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയുടെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് പൊന്നമ്മയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റം തെളിഞ്ഞാല്‍ പൊന്നമ്മ അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കാം. സംഭവം വിവാദമായതോടെ പൊന്നമ്മ ഒളിവിലാണ്.
Post Your Comments