തൃശൂര്‍: അയ്യന്തോള്‍ ഫ്ളാറ്റിലെ കൊലപാതകത്തില്‍ കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി എം.ആര്. രാമദാസ് അറസ്റ്റില്‍. മാര്‍ച്ച് മൂന്നിന് രാത്രി തൃശൂര്‍ അയ്യന്തോള്‍ ഫ്ളാറ്റില്‍ വച്ച് ഷൊര്‍ണൂര്‍ ലതനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന് സതീശനെ (32) മര്‍ദ്ദിച്ചു കൊന്നുവെന്ന കേസിലാണ് അറസ്റ്റ്. പ്രതികളെ സഹായിച്ചു. തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതി കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് റഷീദിനെ രക്ഷപ്പെടാന്‍ സഹായിച്ചത് രാംദാസാണെന്ന് പൊലീസ് പറഞ്ഞു.
ഇതേ കേസില്‍ ആലുവ ആസ്ഥാനമായ സഹകരണ ബാങ്ക് പ്രസിഡന്റ് സുനിലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം റഷീദ് സുനിലുമായി ബന്ധപ്പെട്ടിരുന്നു. രക്ഷപ്പെടാന്‍ ആവശ്യമായ സാമ്പത്തിക സഹായം ചെയ്തത് സുനിലാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കേസില്‍ റഷീദിന്റെ കാമുകി ശാശ്വതി എന്ന യുവതിയും സുഹൃത്തായ കൃഷ്ണപ്രസാദും നേരത്തേ അറസ്റ്റിലായിരുന്നു.
മാര്‍ച്ച് മൂന്നിന് രാത്രിയാണ് കൊലപാതകം നടന്നത്. റഷീദിന്റെ അയ്യന്തോളിലെ ഫഌറ്റില്‍ സുഹൃത്തായ സതീശും ഈ ഫഌറ്റിലെ തന്നെ താമസക്കാരിയായ ശാശ്വതിയും ഫെബ്രുവരി 29 എത്തിയിരുന്നു. തുടര്‍ന്ന് റഷീദും ശാശ്വതിയും മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം കൊടൈക്കനാലിലേക്ക് ടൂറ് പോയി. മാര്‍ച്ച് ഒന്നിന് രാത്രി തിരിച്ചെത്തിയ ശേഷമാണ് സതീശിന് ശാശ്വതിയുമായുള്ള ബന്ധത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്. റഷീദ് സതീശിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മുറിയില്‍ പൂട്ടിയിട്ടു. സതീശിന്റെ മൊബൈല്‍ ഫോണ്‍ റഷീദ് തന്റെ സന്തതസഹചാരിയായ കൃഷ്ണപ്രസാദിനെ ഏല്‍പ്പിച്ചു.
മാര്‍ച്ച് മൂന്നിന് രാത്രി റഷീദും ശാശ്വതിയും കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശിനെ വീണ്ടും മര്‍ദ്ദിച്ചതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ചോര വാര്‍ന്ന് അവശനിലയിലായ സതീശിനെ കൃഷ്ണപ്രസാദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇയാള്‍ മരിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന കൃഷ്ണപ്രസാദ് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏറെ നാളായി ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ശാശ്വതി അടുത്തിടെയാണ് വിവാഹിതനായ റഷീദുമായി പ്രണയത്തിലായത്. പ്രമുഖ ചാനലിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത താരമാണ് ശാശ്വതി.
Post Your Comments