International

ഫ്ലൈ ദുബായ് പൈലറ്റിനെ ദുരന്തം തേടിയെത്തിയത് പുതിയ ജോലിയുമായി ജന്മനാട്ടിലേക്ക് മടങ്ങാനിരിക്കെ!

മോസ്കോ: തെക്കന്‍ റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവേ റണ്‍വേയില്‍ ഇടിച്ചുതകര്‍ന്ന ഫ്ലൈ ദുബായ് വിമാനത്തിന്റെ സൈപ്രസുകാരനായ പൈലറ്റിനെ ദുരന്തം തേടിയെത്തിയത് പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെ. തകര്‍ന്ന വിമാനത്തിന്റെ പൈലറ്റായിരുന്ന 38 കാരന്‍ അരിസ്റ്റോസ് സോക്രട്ടോസിന്റെ ഒരു ദീര്‍ഘകാല സുഹൃത്താണ്‌ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സോക്രട്ടോസിന് സൈപ്രസ് വിമാനക്കമ്പനിയായ റയാന്‍ എയറില്‍ ജോലി ലഭിച്ചിരുന്നതായി സുഹൃത്ത് പറഞ്ഞു. അവിടെ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. മാത്രമല്ല, സോക്രട്ടോസിന്റെ ഭാര്യ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ്‌ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. അതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. ശമ്പളം കുറവായിരുന്നിട്ടും കുടുംബത്തോടൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഫ്ലൈ ദുബായ് വിട്ട് റയാന്‍ എയറിലെ ജോലി തെരഞ്ഞെടുക്കാന്‍  സോക്രട്ടോസിനെ പ്രേരിപ്പിച്ചത്.

ഫ്ലൈ ദുബായ് കമ്പനിയെക്കുറിച്ച് സോക്രട്ടോസ് പരാതികള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒന്നരവര്‍ഷം മുന്‍പ് മുഖ്യപൈലറ്റായി സ്ഥാനക്കയറ്റം ലഭിച്ചതില്‍ അദ്ദേഹം സന്തോഷവാനായിരുന്നുവെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സുഹൃത്ത് പറഞ്ഞു.

സൈപ്രസിലെ ഹീലിയോസ് എയര്‍ലൈന്‍സിലാണ് അരിസ്റ്റോസ് സോക്രട്ടോസ് നേരത്തെ ജോലി നോക്കിയിരുന്നത്. ഒരു വിമാന ദുരന്തത്തെത്തുടര്‍ന്ന് ഈ കമ്പനി 2005 ല്‍ അടച്ചുപൂട്ടുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ വിമാനത്താവളത്തിലേക്ക് പോയ ഫ്ലൈ ദുബായ് (എഫ്.ഇസഡ് 981) ബോയിംഗ് 737 ജെറ്റ് വിമാനമാണ് ലാന്‍ഡിംഗിന് ശ്രമിക്കുമ്പോള്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ മലയാളി ദമ്പതികള്‍ ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന 62 പേരും കൊല്ലപ്പെട്ടു. 55 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ‘ബോയിംഗ് 737-800 നെക്സ്റ്റ് ജനറേഷന്‍’ ഇനത്തിലുള്ള വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടു. 44 റഷ്യക്കാര്‍, 6 ഉക്രേനിയക്കാര്‍, രണ്ടു ഇന്ത്യക്കാര്‍, ഒരു ഉസ്ബെക്കിസ്ഥാന്‍കാരന്‍ എന്നിവരാണ്‌ വിമാനത്തിലുണ്ടായിരുന്നത്.

പെരുമ്പാവൂര്‍ വെങ്ങോല സ്വദേശികളായ ശ്യാം മോഹന്‍, ഭാര്യ അഞ്ജു എന്നിവരാണ്‌ മരിച്ച മലയാളികള്‍. റഷ്യയിലെ ആയുര്‍വേദ റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഇരുവരും ഇന്നലെയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബായ് വഴി റഷ്യയിലേക്ക് തിരിച്ചത്.

മോശം കാലാവസ്ഥയും ലാന്‍ഡിംഗ് പിഴവുമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിവരം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ആദ്യ ശ്രമത്തില്‍ വിമാനത്തിന്‌ റണ്‍വേയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വിമാനത്തിന്റെ ചിറകുകളിലൊന്ന് റണ്‍വേയില്‍ ഇടിച്ച്‌ വിമാനം അഗ്നിഗോളമായി മാറുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം താത്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button