റാഞ്ചി: രണ്ട് മുസ്ലീം കന്നുകാലി കച്ചവടക്കാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗോരക്ഷാ സമിതിയുമായി ബന്ധമുള്ള ഒരാളുള്‍പ്പെടെ അഞ്ചു പേരെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ലാത്തെഹാറിലെ ഗോരക്ഷാ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിഥിലേഷ് സാഹു എന്നായാളോടൊപ്പം കൊല്ലപ്പെട്ട കന്നുകാലി കച്ചവടക്കാരുടെ ഗ്രാമമായ ഝബറില്‍ നിന്നു തന്നെയുള്ള മനോജ് പ്രസാദ് സാഹു, അവ്ദേശ് സാഹു, മനോജ് സാഹു എന്നിവരാണ് അറസ്റ്റിലായത്.
മിഥിലേഷ് സാഹുവിന് ഗോരക്ഷാ സമിതിയുമായി ബന്ധമുണ്ടെന്നതൊഴിച്ചാല്‍ കൊലപാതക സംഘത്തിലുള്ളവര്‍ക്ക് മറ്റേതെങ്കിലും സംഘടനയുമായി ബന്ധമുള്ളതായി ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ലാത്തെഹാര്‍ എസ്പി അനൂപ് ബിര്‍താരി പറഞ്ഞു.
പ്രാഥമിക ചോദ്യം ചെയ്യലില്‍ കൊല്ലപ്പെട്ട കച്ചവടക്കാരുടെ പക്കലുള്ള ലക്ഷക്കണക്കിന് രൂപ വിലയുള്ള എട്ട് പോത്തുകളെ തട്ടിയെടുത്ത് സ്വന്തം നിലയ്ക്ക് കാലിച്ചന്തയില്‍ വിറ്റ് പണമുണ്ടാക്കുകയായിരുന്നു തങ്ങളുടെ ലക്‌ഷ്യം എന്ന്‍ മിഥിലേഷും കൂട്ടരും പറഞ്ഞതായും അനൂപ് പറഞ്ഞു.
35-കാരനായ മുഹമ്മദ് മജ്ലൂം, 15-കാരനായ ആസാദ് ഖാന്‍ എന്നിവരാണ് കന്നുകാലികളുമായി ചന്തയിലേക്ക് പോകുന്ന വഴി കൊല്ലപ്പെട്ടത്. കൊലപാതകത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് സമഗ്രമായി അന്വേഷിക്കുന്നുണ്ടെന്നും, അഭ്യൂഹങ്ങളില്‍ വിശ്വസിച്ച് അക്രമത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കരുതെന്നും പ്രതിഷേധക്കരോട് പോലീസ് അഭ്യര്‍ത്ഥിച്ചു.
Post Your Comments