തിരുവനന്തപുരം: തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭ വിളിച്ച യോഗത്തില്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം. മേയര്‍ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലാണ് സി.പി.എം അംഗങ്ങള്‍ വനിതകള്‍ അടക്കമുള്ള ബി.ജെ.പി കൌണ്‍സിലര്‍മാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അശാസ്ത്രീയമായ മാസ്റ്റര്‍പ്ലാന്‍ മാറ്റി പുതിയത് തയ്യാറാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
ചര്‍ച്ചയ്ക്കിടെ കാട്ടായിക്കോണത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമം ബിജെപി നേതാവ് വി. മുരളീധരനും കൗണ്‍സിലര്‍ എം.ആര്‍ ഗോപനുമാണ് ആസൂത്രണം ചെയ്തതെന്ന സിപിഎം അംഗം ശ്രീകുമാറിന്റെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിക്കണമെന്ന് ബിജെപി അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടാകുകയും കൈയ്യാങ്കളിയുടെ വക്കോളം എത്തുകയും ചെയ്തു. ഇതോടെ യോഗം അലങ്കോലപ്പെടുകയായിരുന്നു.
മേയറെ തടഞ്ഞ ബിജെപിയുടെ വനിതാ അംഗങ്ങളായ വിജയകുമാരി, മിനി, ചിഞ്ചു എന്നിവരെ മേയര്‍ പിടിച്ചുതള്ളി. തുടര്‍ന്ന് യോഗം ബഹിഷ്കരിച്ച ബി.ജെ.പി കൌണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Post Your Comments