ന്യൂഡല്‍ഹി: ഇന്ന് കോടതിയില്‍ നിന്ന് ഉപാധികളോടെ രാജ്യദ്രോഹക്കേസില്‍ ജാമ്യം ലഭിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ഒളിമ്പിക്സ് ഹീറോകളല്ലെന്ന് മുതിര്‍ന്ന ബോളിവുഡ് നടന്‍ അനുപം ഖേര്‍. ജാമ്യം ലഭിച്ചെന്നു കരുതി ഇവരെ ക്യാംപസില്‍ സ്വാഗതം ചെയ്യരുതെന്നും അനുപം ഖേര് ആവശ്യപ്പെട്ടു. തന്‍റെ പുതിയ ചിത്രമായ “ബുദ്ധ ഇന്‍ എ ട്രാഫിക് ജാമിന്‍റെ” പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ജെഎന്‍യു ക്യാംപസില്‍ എത്തിയതായിരുന്നു അനുപം ഖേര്‍.
ഫെബ്രുവരി 9-ആം തീയതി ജെഎന്‍യു കാമ്പസില്‍ പാര്‍ലമെന്‍റ് ആക്രമണക്കേസ് കുറ്റവാളി അഫ്‌സല്‍ ഗുരുവിന്‍റെ അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും അറസ്റ്റിലായത്. ജാമ്യം ലഭിച്ച ഇവര്‍ നാളെ ജയിലില്‍ പുറത്തിറങ്ങിയേക്കും. ഇവര്‍ തിരികെ കാമ്പസില്‍ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ യൂണിറ്റി മാര്‍ച്ച് നടത്താനുള്ള തയാറെടുപ്പുകള്‍ തകൃതിയായി നടക്കവേയാണ് ഇവരെ സ്വാഗതം ചെയ്യരുതെന്ന് അനുപം ഖേര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റും രാജ്യദ്രോഹക്കേസില്‍ തന്നെ നേരത്തെ ജാമ്യം ലഭിച്ചു പുറത്തുവന്നയാളുമായ കനയ്യ കുമാറിന്‍റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ യൂണിറ്റി മാര്‍ച്ച് നടത്താനിരിക്കുന്നത്. ആറ് മാസത്തേക്കാണ് അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ഉമര്‍ ഖാലിദിനും ഉപാധികളോടെ ജാമ്യം ലഭിച്ചത്.
Post Your Comments