ഏകമകള്‍ പത്താംക്ലാസ് പരീക്ഷയെഴുതി മടങ്ങിയെത്താന്‍ അച്ഛന്റെ ചേതനയറ്റ ശരീരം വീട്ടില്‍ കാത്തുകിടന്നു. അച്ഛന്‍ മരിച്ചതറിയാതെ മകള്‍ എഴുതിയത് രണ്ട് പരീക്ഷകള്‍. കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പെരിയപുറം കിരാതമംഗലത്ത് പ്രവീണയാണ് പിതാവ് കൊച്ചുകുഞ്ഞിന്റെ വേര്‍പാട് അറിയാതെ പരീക്ഷയെഴുതിയത്. മകള്‍ പഠിച്ച് വലിയ നിലയിലെത്തണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് കൊച്ചുകുഞ്ഞ് യാത്രയായത്. അതുകൊണ്ട് തന്നെ ബന്ധുക്കളും അധ്യാപകരും മരണ വിവരം പ്രവീണയെ അറിയിക്കാതെ പരീക്ഷകളെഴുതാന്‍ അനുവദിക്കുകയായിരുന്നു.
ഏറെ നാളായി രോഗിയായിരുന്ന കൊച്ചുകുഞ്ഞിന്റെ ആരോഗ്യനില അടുത്തകാലത്ത് വഷളായതിനെ തുടര്‍ന്ന് കുട്ടിയുടെ പഠനത്തിനും പരീക്ഷയ്ക്കും തടസം ഉണ്ടാകാതിരിക്കാന്‍ അധ്യാപകര്‍ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. പ്രവീണയുടെ പരീക്ഷാക്കാലത്തെ സംരക്ഷണം അധ്യാപികയായ ജിജി ഏറ്റെടുത്തു. അധ്യാപികയുടെ വീട്ടില്‍ നിന്നാണ് ദിവസവും പരീക്ഷ എഴുതാന്‍ പ്രവീണ സ്‌കൂളിലെത്തിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് കണക്ക് പരീക്ഷ എഴുതി കൊണ്ടിരിക്കെയാണ് മരണ വാര്‍ത്ത സ്‌കൂളിലെത്തിയത്. ഇന്നലെ നടന്ന ഫിസിക്‌സ് പരീക്ഷയും പൂര്‍ത്തിയാക്കിയ ശേഷമാണ് ബന്ധുക്കളും അധ്യാപകരും പ്രവീണയെ വിവരം അറിയിച്ചത്. പരീക്ഷ കഴിഞ്ഞയുടനെ ഹെഡ്മിസ്ട്രസ് ജിലു സിബിയുടേയും അധ്യാപകന്‍ ജോഷി.കെ.പോളിന്റേയും നേതൃത്വത്തില്‍ കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. അധ്യാപകരുടെ പെരുമാറ്റത്തില്‍ നിന്ന് കാര്യം മനസിലാക്കിയ പ്രവീണ പൊട്ടിക്കരഞ്ഞാണ് വീട്ടിലെത്തിയത്. പഴയ സാരികള്‍ കൊണ്ട് മറച്ച് പ്ലാസ്റ്റിക്ക് ഷീറ്റ് മൂടിയ കൂരയില്‍ അന്തിയുറങ്ങിയിരുന്ന കുടുംബത്തിന് സ്‌കൂള്‍ അധികൃതര്‍ മുന്‍കൈ എടുത്ത് അടുത്തിടെയാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്
Post Your Comments