കുളത്തൂപ്പുഴ: അരിപ്പയിലെ പ്രാദേശിക സമര ഭൂമിയില്‍ ദളിത് ആദിവാസി ഭൂരഹിത സമിതി നേതാവിന്റെ നേതൃത്വത്തില്‍ ഗുണ്ടായിസം. ദളിത് ആദിവാസി ഭൂരഹിത സമ്മിതി സംസ്ഥാന സെക്രട്ടറി അപ്പായി വിനോദ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് സമരക്കാരുടെ കുടിലുകളില്‍ കടന്ന് കയറി സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ കടന്നു പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സമരഭൂമിയിലെ താമസക്കാരായ അപ്പായി വിനോദ്(41) സജി(39), ഷിജു(38), അശോകന്‍(39) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആക്രമികള്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ചെറുത്ത് നിന്ന യുവതിയെ പരിക്കുകളോടെ കടക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരഭൂമിയിലുള്ളവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കുളത്തുപ്പുഴ പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികളെ പൊലീസ് കുടുക്കിയത്. ഇവരെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അറസ്റ്റിലായ അപ്പായി വിനോദ് മുമ്പ് കഞ്ചാവ് കടത്ത്, ബലാത്സംഗം അടക്കം കടയ്ക്കല്‍, കുളത്തൂപ്പുഴ സ്റ്റേഷനുകളിലായ് നിരവധി കേസുകളില്‍ പ്രതിയാണ്. അപ്പായി വിനോദിന്റെ നേതൃത്വത്തില്‍ മദ്യപിച്ചു എത്തുന്ന ആക്രമിസംഘം നിത്യവും സമര ഭൂമിയില്‍ ആക്രമണം ഉണ്ടാക്കാറുണ്ടെന്നും എതിര്‍ക്കുന്നവരെ ഭീഷണിപെടുത്തുകയാണ് പതിവെന്നും സമര ഭൂമിയിലെ സ്ത്രീകള്‍ പരാതിയില്‍ പറയുന്നു. ഇയാളുടെ ആക്രമണം ഭയന്ന് സമരക്കാരില്‍ ഏതാനും സ്ത്രീകള്‍ പ്രാദേശിക സമരക്കാരുമായ് തെറ്റി പിരിഞ്ഞ് ശ്രീരാമന്‍ കൊയ്യോണ്‍ നേതൃത്വം നല്‍കുന്ന സമരക്കാരോടൊപ്പം ചേര്‍ന്ന് സമരം തുടരുന്നതിനിടയിലാണ് പ്രതികള്‍ ആക്രമണം അഴിച്ച് വിട്ടത്. കുളത്തുപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ ബി അനീഷിന്റെ നേതൃത്വത്തില്‍ അഡീഷ്ണല്‍ എസ്.ഐ. സുബൈര്‍, സി.പി.ഒ കിഷോര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments