India

ത്രിശൂലവുമായി വിമാനയാത്ര ചെയ്ത രാധേ മായ്ക്കെതിരെ കേസ്

മുംബൈ: ത്രിശൂലവുമായി വിമാനത്തില്‍ യാത്ര ചെയ്ത സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധാ മായ്‌ക്ക് എതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. വിമാനത്തിലും വിമാനത്താവളങ്ങളിലും കൂര്‍ത്ത വസ്തുക്കളുമായി യാത്ര ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഒരു ആക്ടിവിസ്റ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ അന്ധേരിയിലെ കോടതി എയര്‍പോര്‍ട്ട്‌ പോലീസിന്‌ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

അപകടകരമായതിനാലും യാത്രക്കാര്‍ക്ക് ഹാനിയുണ്ടാക്കുമെന്നതിനാലും ത്രിശൂലം പോലെയുള്ള നിരവധി വസ്തുക്കള്‍ സിവില്‍ ഏവിയേഷന്‍ സുരക്ഷാ ബ്യൂറോ നിരോധിച്ചിട്ടുണ്ടെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ ആസാദ് പട്ടേല്‍ പറഞ്ഞു. എന്നാല്‍ ആള്‍ദൈവമായ ത്രിശൂലവുമായി എത്തിയപ്പോള്‍ തടയാന്‍ വിമാനത്താവള അധികൃതരോ, വിമാനക്കമ്പനി അധികൃതരോ തയ്യാറായില്ല. 2015 ആഗസ്റ്റില്‍ ജെറ്റ് എയര്‍വേയ്സ് വിമാനത്തിലാണ് രാധേമാ ത്രിശൂലവുമായി യാത്ര ചെയ്തത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ്, എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പട്ടേല്‍ പറഞ്ഞു. തുടര്‍ന്നാണ് പട്ടേല്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തത്.

വിഷയത്തില്‍ രാധാ മായ്‌ക്ക് ഒത്താശ ചെയ്‌ത സി.ഐ.എസ്‌.എഫ്‌ ഉദ്യോഗസ്‌ഥര്‍ക്കും ജെറ്റ്‌ എയര്‍വേയ്‌സ് ഉദ്യോഗസ്‌ഥര്‍ക്കും പ്രാദേശിക പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും എതിരെ കേസെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button