ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അനിര്‍ബന്‍ ഭട്ടാചാര്യ ജെ.എന്‍.യുവില്‍ പ്രവേശനം നേടിയത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന് കണ്ടെത്തല്‍. പട്ടിക ജാതിക്കാരന്‍ ആണെന്ന് കാണിക്കുന്ന വ്യാജരേഖ കാണിച്ചാണ് അനിര്‍ബന്‍ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നാണ് വെളിപ്പെടുത്തല്‍. സര്‍വ്വകലാശാല നിയോഗിച്ച അന്വേഷണ സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്. ചില ദേശിയ ചാനലുകള്‍ ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടിട്ടുണ്ട്.
ജെ.എന്‍.യു.വില്‍ അഫ്സല്‍ ഗുരു അനുസ്മരണത്തിനിടെ അനിര്‍ബനും ഉമര്‍ ഖാലിദും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി സര്‍വകലാശാല ഉന്നതാധികാര സമിതി കണ്ടെത്തിയിരുന്നു. കൂടാതെ ഇരുവരും വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയ-ജാതി-മത ചിന്തകളും, ഐക്യമില്ലായ്മയും സൃഷ്ടിച്ചതായും സമിതി കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍, അനിര്‍ബന്‍, ഉമര്‍ഖാലിദ് എന്നിവര്‍ ഉള്‍പ്പടെ അഞ്ച് വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കാനും സമിതി ശുപാര്‍ശ ചെയ്തിരുന്നു. തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് അനിര്‍ബനും ഉമര്‍ ഖാലിദും. നേരത്തെ അറസ്റ്റിലായ കനയ്യ കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അനിര്‍ബനും ഉമര്‍ ഖാലിദും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ കോടതി തള്ളുകയായിരുന്നു.
Post Your Comments