നാഗ്പുര്‍: ഇനി ക്രിക്കറ്റ് ലോകം ഇന്ത്യയിലാണ്. ബാറ്റും ബാളുംകൊണ്ട് 10 ടീമുകള്‍ തീര്‍ക്കുന്ന ആവേശം അതിര്‍ത്തികള്‍ ഭേദിക്കും. ഓരോ ആരാധകനും സ്വന്തം ടീമിനുവേണ്ടി ആര്‍ത്തുവിളിക്കും. അതിര്‍ത്തി തേടി പായുന്ന ഓരോ പന്തും ആഘോഷത്തിന്റെ കൊടുമുടികള്‍ തീര്‍ക്കും. ഏറെനാളായി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന 20 ദിവസത്തെ ക്രിക്കറ്റ് വസന്തത്തിന് ഇന്ന് മുതല്‍ തുടക്കമാകും. ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ ടെന്‍ പോരാട്ടങ്ങള്‍ നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയത്തിലാണ് തുടങ്ങുക. ആതിഥേയരായ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം. രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. യോഗ്യതാമത്സരങ്ങളുടെയും സന്നാഹമത്സരങ്ങളുടെയും ആവേശത്തില്‍നിന്ന് അത്യാവേശമായ സൂപ്പര്‍ ടെന്‍ പോരാട്ടപ്പിച്ചിലേക്ക് ലോകകപ്പ് കടന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യക്കു പുറമെ, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇംഗ്‌ളണ്ട്, വെസ്റ്റിന്‍ഡീസ്, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളാണ് രണ്ടു ഗ്രൂപ്പുകളിലായി കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് ഫൈനല്‍ പോരാട്ടം.
Post Your Comments