NewsInternational

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം തീയതി നിശ്ചയിച്ചു

വത്തിക്കാന്‍ സിറ്റി: പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിന് നടക്കുന്ന ചടങ്ങില്‍ വിശുദ്ധയായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഇന്നു നടന്ന കര്‍ദിനാള്‍ തിരുസംഘത്തിന്റെ യോഗത്തില്‍ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് മാര്‍പാപ്പ അംഗീകാരം നല്‍കി. നാമകരണ നടപടികളുമായി ബന്ധപ്പെട്ട രണ്ടാമത്തെ അദ്ഭുതം കഴിഞ്ഞ ഡിസംബര്‍ 17ന് മാര്‍പാപ്പ അംഗീകരിച്ചിരുന്നു. ബ്രസീലിലെ സാന്റോസ് സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനിയറുടെ തലച്ചോര്‍ സംബന്ധമായ ഗുരുതര അസുഖം ഭേദപ്പെട്ടതാണു വത്തിക്കാന്‍ അംഗീകരിച്ചത്.

ഇന്ന് മാസിഡോണയയില്‍ സ്ഥിതി ചെയ്യുന്ന സ്‌കോപ്‌ജെയില്‍ 1910 ലാണ് മദര്‍ തെരേസയുടെ ജനനം. ആഗ്നസ് എന്നായിരുന്നു ആദ്യത്തെ പേര്. 1949 ല്‍ മിഷണറീസ് ഓഫ് ചാരിറ്റി’ സന്യാസി സമൂഹം സ്ഥാപിച്ചു. 1979 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവ് കൂടിയാണ് മദര്‍. 1997 സെപ്റ്റംബര്‍ അഞ്ചിനാണു ദിവംഗതയായത്.

2003ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. മദറിന്റെ മരണത്തിനു ഒരു വര്‍ഷം തികയുന്ന സമയത്ത് മോണിക്ക ബെസ്‌റ എന്ന ബംഗാളി സ്ത്രീയുടെ ട്യൂമര്‍ മദറിന്റെ മാധ്യസ്ഥതയില്‍ ഭേദപ്പെട്ട അത്ഭുതമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്താന്‍ അംഗീകരിച്ചത്.

മദറിനൊപ്പം മറ്റു നാലു പേരെ കൂടി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നുണ്ട്. പോളണ്ട് സ്വദേശിയായ സ്തനിസ്ലാവൂസ്, അര്‍ജന്റീന സ്വദേശിയായ ജൂസേപ്പെ് ഗബ്രിയേലെ ദെല്‍ റൊസാരിയോ പ്രോചെറോ, സ്വീഡന്‍ സ്വദേശിനിയായ മരി എലിസബേത്ത് ഹെസെല്‍ബാലാഡ്, മെസ്‌കിക്കോ സ്വദേശിയായ 14 കാരന്‍ ഹൊസെ സാഞ്ചെസ് ദെ റിയൊ എന്നിവരാണ് മദറിനൊപ്പം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുത്തത്.

shortlink

Post Your Comments


Back to top button