രാജ്യത്തെ നടുക്കിയ 2008 മുംബൈ ഭീകരാക്രമണത്തിനിടയില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മുപ്പത്തി ഒന്പതാം ജന്മദിനം ആണ് ഇന്ന്.1977ല്‍ ജനിച്ച സന്ദീപ് ആര്‍മി മേജറായിരുന്നു. 2007 ജനുവരി മുതല്‍ ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം ജീവത്യാഗം ചെയ്തത്. താജ് ഹോട്ടലില്‍ തമ്പടിച്ചിരുന്ന തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനിടയിലാണ് സന്ദീപ് കൊല്ലപ്പെട്ടത്.നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സിലെ സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ സേവനമനുഷ്ഠിച്ചിരുന്നത്.
2009 ജനുവരി 26ന് രാഷ്ട്രം അശോക ചക്ര പുരസ്‌കാരം നല്‍കി സന്ദീപ് ഉണ്ണികൃഷ്ണനെ ആദരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബം പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറ്റുകയായിരുന്നു. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥനായിരുന്നു കെ.ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മി ഉണ്ണികൃഷ്ണന്റെയും ഏകമകനാണ് സന്ദീപ്. ബാംഗ്ലൂരിലെ വിദ്യാഭ്യാസം കഴിഞ്ഞ് 1995ലാണ് സന്ദീപ് പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ ചേരുന്നത്. ഇന്ത്യന്‍ ആര്‍മിക്കുവേണ്ടി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് എന്‍.എസ്.ജിയിലെത്തുന്നത്.
തീവ്രവാദികള്‍ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാന്‍ഡോകള്‍ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ എന്നായിരുന്നു അറിയപ്പെട്ടത്. ഏറ്റമുട്ടലില്‍ പരിക്കേറ്റ ഒരു കമാന്‍ഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികള്‍ക്കുനേരെ കുതിച്ച സന്ദീപ് പിന്‍ഭാഗത്ത് വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്തതിനെ മാനിച്ച് ഭാരത സര്‍ക്കാര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന് മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കി ആദരിച്ചു.ധീര യോദ്ധാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഈസ്റ്റ് കോസ്റ്റ് കുടുംബത്തിന്റെ പ്രണാമം.
Post Your Comments