ന്യൂഡല്‍ഹി : സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അടുത്ത ബന്ധുക്കളുടെ ആദായനികുതി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
സുപ്രീംകോടതി ചീഫ്ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷനുമായ കാലയളവിലെ വിവരങ്ങള്‍ നല്‍കാനാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടത്. കേസ് ജൂലൈ 12ലേയ്ക്ക് മാറ്റി.
ജസ്റ്റിസ് ബാലകൃഷ്ണന്റെ ബന്ധുക്കള്‍ കേസില്‍ കക്ഷിയല്ലെന്നും അവര്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. എന്നാല്‍ ഈ തടസ്സവാദം കോടതി അംഗീകരിച്ചില്ല. വിവരങ്ങള്‍ കോടതിക്ക് പരിശോധിക്കാന്‍ മാത്രമാണെന്ന് ബെഞ്ച് വ്യക്തമാക്കി.
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് സന്നദ്ധ സംഘടനയായ ‘കോമണ്‍ കോസ്’ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് ബാലകൃഷ്ണന്റെ മകന്‍, മകള്‍ ,സഹോദരന്‍ എന്നിവരുടെ പേരില്‍ ഏതാണ്ട് 21 വസ്തുവകകള്‍ വാങ്ങിയതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിക്കുന്നു.
ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15ന് സുപ്രീംകോടതി അറ്റോര്‍ണി ജനറലിന്റെ സഹായം തേടിയിരുന്നു. ബിനാമി ഇടപെടലുകളെ കുറിച്ചുള്ള വിഷയം പരിശോധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Post Your Comments