KeralaNews

നിയമം കയ്യിലെടുത്ത കൗണ്‍സിലറെ നിയമംകൊണ്ട് കൈകാര്യം ചെയ്തു

നെടുമങ്ങാട് : സ്‌റ്റേഷനില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്‌കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കെ.ജെ.ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയത്. വാറണ്ട് കേസിലെ പ്രതിയായ തന്‍സീറിനെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ബിനു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിുകാരന്‍ അനൂപുമായി വാക്ക്തര്‍ക്കമുണ്ടായി. തര്‍ക്കം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം പൊലീസ് സ്റ്റേഷനിലെത്തി പ്രശ്‌നം പറഞ്ഞ് തീര്‍ക്കുകയായിരുന്നു.

തിങ്കളാഴ്ച പതിനൊന്ന് മണിയോടെ നഗരസഭ ഓഫീസില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയ ബിനുവിനെ നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്തതറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ച്കൂടി ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കി.

എന്നാല്‍ ബിനുവിനെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലേയ്ക്കാണ് കൊണ്ട്‌പോയത്. അവിടെ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ബിനുവിനെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധിപ്പിച്ചു.

ഇതിനിടെ സ്റ്റേഷനില്‍ ബിനു ഇല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാര്‍ കോടതിക്ക് മുന്നിലെത്തി.

കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ ആക്രമിച്ചതിനുമാണ് കേസ്. കസ്റ്റഡിയിലെടുത്ത ബിനുവിനെ പൊലീസ് മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button