NewsIndia

ഒടുവില്‍ എലിസബത്ത് എത്തി, 42 വര്‍ഷം മുമ്പ് തന്നെ ഉപേക്ഷിച്ചുപോയ അമ്മയെ കാണാന്‍….

മുംബൈ: ”ഇന്ത്യയിലുള്ള എന്റെ അമ്മയെക്കുറിച്ചോര്‍ത്ത് എന്നും ഞാന്‍ അത്ഭുതപ്പെട്ടിട്ടേയുള്ളൂ. ആരാണ് എന്റെ അമ്മ. എന്തിനാണ് അമ്മ എന്നെ ഉപേക്ഷിച്ചത്”.നാല് പതിറ്റാണ്ടാണ് ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങളുമായി എലിസബത്ത് പൂര്‍വെ ജോറന്റാല്‍ കഴിച്ചു കൂട്ടിയത്. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഇപ്പോള്‍ സ്വീഡിഷ് പൗരത്വമാണ് എലിസബത്തിനുള്ളത്. 42 വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്നും സ്വീഡിഷ് ദമ്പതികളാല്‍ ദത്തെടുക്കപ്പെട്ട് സ്വീഡനിലെത്തിയതാണ് എലിസബത്ത്.

പിച്ചവെച്ച് നടക്കാന്‍ കാലുറക്കാത്ത പ്രായത്തില്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ചു പോയതാണ് ജന്‍മം തന്ന അമ്മ. ആറുമാസം മാത്രം പ്രായമുള്ളപ്പോള്‍ ജനിച്ച നാടുമായുള്ള വേരുകളും അറ്റുപോയി. പക്ഷേ ഇന്ന് എലിസബത്ത് ഇന്ത്യയിലെത്തി.

ഓര്‍മ്മവെച്ച നാള്‍ മുതല്‍ എലിസബത്തിന്റെ മനസ്സില്‍ കുടുങ്ങിയ വാശിയാണ് ജനിച്ച മണ്ണിനെയും ജന്മംതന്ന അമ്മയെയും കണ്ടെത്തുകയെന്നത്. പക്ഷേ തേടിപ്പോകാന്‍ ആകെ കയ്യിലുള്ളത് ദത്തെടുക്കല്‍ സമയത്ത് സ്വത്തായി കിട്ടിയ കുറച്ച് പേപ്പറുകള്‍ മാത്രം. അതില്‍ ആകെ കുറിച്ചിരുന്നത് അമ്മയുടെയും കുറച്ച് ബന്ധുക്കളുടെയും പേരുകള്‍.

വൈക്കോല്‍കൂനയില്‍ അകപ്പെട്ട സൂചി തെരഞ്ഞെടുക്കുന്നതുപോലെ തന്നെ പ്രയാസമാണ് 1.2 ബില്ല്യണ്‍ ആളുകളില്‍ നിന്നും എലിസബത്തിന് തന്റെ അമ്മയെ കണ്ടെത്തുകയെന്നത്. പക്ഷേ പാല്‍മധുരം നാവില്‍ നിന്നും വിട്ടുമാറാത്ത പ്രായത്തില്‍ അമ്മയെ നഷ്ടപ്പെട്ട വേദനയോളം പ്രയാസമുള്ളതല്ല എലിസബത്തിന് മറ്റൊന്നും. ഒടുവില്‍ മനസ്സിന്റെ നിശ്ചയദാര്‍ഢ്യം വെറുതെ ആയില്ല. ബല്‍ജിയത്തിലെ സന്നദ്ധസംഘടനയുടെ സഹായത്തോടെ എലിസബത്ത് തന്റെ അമ്മയുടെ മേല്‍വിലാസം കണ്ടെത്തി.

കയ്യില്‍ ചുരുട്ടിപ്പിടിച്ച മേല്‍വിലാസവുമായി മഹാരാഷ്ട്രയിലെ ആ ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു മകളും അമ്മയില്‍ നിന്നും പ്രതീക്ഷിക്കാത്ത ചോദ്യമായിരിക്കണം എലിസബത്തിനെ എതിരേറ്റത്. ആരാ മോളേ..? ഇന്നലെ വരെയുള്ള രാത്രകളില്‍ ഉറങ്ങുന്നതിന് മുമ്പ് അമ്മയെ കാണുന്ന നിമിഷം ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ കുറിച്ചിടുമായിരുന്നു എലിസബത്ത്. ഒരു സങ്കല്‍പ്പം മാത്രമായി മനസ്സിലുണ്ടായിരുന്ന മുഖം പെട്ടെന്ന തനിക്കുമുന്നില്‍ എത്തിയപ്പോള്‍ മുമ്പ് കോറിയിട്ട ചോദ്യങ്ങളെന്നല്ല, അമ്മ ചോദിച്ച ചോദ്യത്തിന് പോലും എലിസബത്തിന് ഉത്തരമുണ്ടായിരുന്നില്ല.

shortlink

Post Your Comments


Back to top button