റിയാദ്: സൗദിയില്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരില്‍ അധികവും തേടുന്നതു ‘സ്‌നേഹവും പ്രണയവും കാമവുമാണെന്നു’ റിപ്പോര്‍ട്ട്. അവിവാഹിത ആണ്‍-പെണ്‍ ബന്ധങ്ങള്‍ക്കുള്ള വിലക്കുള്ള രാജ്യത്ത് പല പെണ്‍കുട്ടികളും ആണ്‍കുട്ടികളുമായി ചങ്ങാത്തമുണ്ടാക്കാനുള്ള ഉപായമായി സോഷ്യല്‍മീഡിയ ഉപയോഗിക്കുകയാണെന്നും ദ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാഹിതരല്ലാത്ത സ്ത്രീയും പുരുഷനും തമ്മില്‍ ഇടപെട്ടാല്‍ ശിക്ഷ വരെ ലഭിക്കാവുന്ന നിയമങ്ങള്‍ സൗദിയിലുണ്ട്. ഈ സാഹചര്യത്തില്‍ പലരും രഹസ്യ ബന്ധങ്ങളുണ്ടാക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നത് ഇന്റര്‍നെറ്റിലൂടെയാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കാനും യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്താനും ഇതുവഴി കഴിയുന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഫേസ്ബുക്കിലൂടെ കാമുകനെ കണ്ടെത്താന്‍ കഴിഞ്ഞെന്നും തന്റെ പല കൂട്ടുകാരികളും ഇത്തരത്തില്‍ പുരുഷന്‍മാരുമായി ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍മീഡിയാ സൈറ്റുകളിലൂടെയും സൗഹൃദം പുലര്‍ത്തുന്നതായും 23 വയസുകാരിയായ വിദ്യാര്‍ഥിനി വെളിപ്പെടുത്തി. ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കമിതാക്കളായും കൂട്ടുകാര്‍ ചേര്‍ന്നു ഉല്ലാസയാത്ര പോകാറുണ്ടെന്നും പേരുവെളിപ്പെടുത്തരുതെന്ന ഉപാധിയില്‍ ഈ പെണ്‍കുട്ടി പറഞ്ഞു.
ആണ്‍-പെണ്‍ ബന്ധങ്ങളില്‍ കര്‍ശന വിലക്കുകളാണ് സൗദി അറേബ്യയില്‍ നിലനില്‍ക്കുന്നത്. സൗദിയിലെ യുവാക്കളില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയ ഉപയോക്താക്കളുമാണ്. പലരും പക്ഷേ, ബന്ധങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അവിവാഹിതരായ ആണും പെണ്ണും സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി കണ്ടാല്‍ കടുത്ത ശിക്ഷയാണ് സ്ത്രീക്കുണ്ടാവുക. ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ മതകാര്യ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments