കോട്ടയം: മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്ന് സംഘര്‍ഷം. രോഗികളായ കുട്ടികളുമായി രക്ഷകര്‍ത്താക്കള്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്‌ച രാത്രിയിലുണ്ടായ മഴയെ തുടര്‍ന്നാണ് കുട്ടികളുടെ ആശുപത്രിയിലെ വൈദ്യുതിബന്ധം തകരാറിലായത്. വൈദ്യുതി മുടങ്ങിയതോടെ ശനിയാഴ്‌ച രാത്രി ആശുപത്രി ഭാഗികമായി ഇരുട്ടിലായിരുന്നു. ഇന്നലെ പകലും വൈദ്യുതിബന്ധം പുനഃസ്‌ഥാപിക്കാന്‍ കഴിയാതിരുന്നത് രോഗികളേയും ബന്ധുക്കളെയും വലച്ചു. ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലായി സ്‌ഥാപിച്ചിരുന്ന പത്ത് ടാങ്കുളിലെ ജലം തീര്‍ന്നതോടെ രാവിലെ മുതല്‍ ആശുപത്രിയിലെ ജലവിതരണം മുടങ്ങി.
തുടര്‍ന്ന് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ഒരു ടാങ്ക് വെള്ളം ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസ് അനുഭാവികളായവര്‍ക്കു മാത്രമേ ജലം കൊടുക്കൂവെന്ന നിലപാടാണ് എടുത്തതെന്ന് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പറയുന്നു. ഇത് ചോദ്യം ചെയ്‌തവരെ ഇവര്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. ഇത് പിന്നീട് ഐ.എന്‍.ടി.യുസിക്കാരും രോഗികളായ കുട്ടികളുടെ രക്ഷകര്‍ത്താക്കളും തമ്മില്‍ ചേരിതിരിഞ്ഞ ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ഗാന്ധിനഗര്‍- അതിരമ്പുഴ റോഡ് ഉപരോധിച്ചു. നവജീവന്റെ നേതൃത്വത്തില്‍ വെള്ളമെത്തിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എ.ആര്‍ ക്യാമ്പില്‍ നിന്നും ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും കൂടൂതല്‍ പോലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. രോഗികളായ കുട്ടികളെയും കൂട്ടിരിപ്പുകാരെയും ആക്രമിച്ച ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് രോഗികളായ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ അറിയിച്ചു.
Post Your Comments