NewsIndia

ഹെഡ്‌ലിയെ വിസ്തരിക്കുമ്പോള്‍ കണ്ണാടി വേണം

മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ പാക് വംശജനായ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിസ്തരിക്കുമ്പോള്‍ പിന്നില്‍ കണ്ണാടി സ്ഥാപിക്കണമെന്ന് പ്രതിഭാഗത്തിന്റെ അപേക്ഷ.മുംബൈ ജയിലില്‍ കഴിയുന്ന അബൂ ജുന്ദല്‍ എന്ന സബീഉദ്ദീന്‍ അന്‍സാരിയുടെ അഭിഭാഷകന്‍ വഹാബ് ഖാനാണ് പ്രത്യേക കോടതിയില്‍ ഈ ആവശ്യമുന്നയിച്ചത്.അമേരിക്കന്‍ കോടതി വിധിച്ച 35 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ഹെഡ്‌ലി, വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുംബൈ പ്രത്യേക കോടതി ജഡ്ജി ജി.എ. സനപിന് മുമ്പാകെ ഹാജരാകുന്നത്.

നേരത്തേ കുറ്റമേറ്റ ഹെഡ്‌ലിയെ മാപ്പുസാക്ഷിയാക്കുകയും പ്രോസിക്യൂഷന്‍ വിസ്തരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ക്രോസ് വിസ്താരത്തിന് അബൂ ജുന്ദലിന്റെ അഭിഭാഷകന്‍ അവസരം ആവശ്യപ്പെട്ടത്.വീണ്ടും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹെഡ്‌ലിയെ ഹാജരാക്കാന്‍ അമേരിക്കന്‍ അധികൃതര്‍ തയാറായി. എന്നാല്‍, ക്രോസ് വിസ്താര സമയത്ത് ഹെഡ്‌ലിയുടെ പുറകില്‍ പരിസരം കാണാന്‍ പാകത്തിന് കണ്ണാടി സ്ഥാപിക്കണമെന്നതാണ് പ്രതിഭാഗത്തിന്റെ പുതിയ ആവശ്യം.കാമറയില്‍ പെടാതെ പരിസരങ്ങളില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഹെഡ്‌ലിയുടെ മൊഴിയെ സ്വാധീനിക്കുന്നുണ്ടോയെന്ന് അറിയാനാണ് കണ്ണാടി സ്ഥാപിക്കണമെന്ന ആവശ്യം. നേരത്തേ, 2010ല്‍ ഹെഡ്‌ലിയെ അമേരിക്കല്‍ ജയിലില്‍ ചെന്ന് ചോദ്യംചെയ്തതായി അവകാശപ്പെട്ട എന്‍.ഐ.എയുടെ രേഖകള്‍ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, രേഖകള്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ വിസമ്മതിക്കുകയാണ് ആദ്യം ചെയ്തത്. പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചതോടെ കഴിഞ്ഞ ദിവസം രേഖകള്‍ നല്‍കി. രേഖകള്‍ മറ്റാര്‍ക്കും വെളിപ്പെടുത്തരുതെന്ന് പ്രതിഭാഗത്തിന് കോടതി നിര്‍ദേശം നല്‍കി.

shortlink

Post Your Comments


Back to top button