KeralaNews

ചെട്ടികുളങ്ങര കുംഭ ഭരണിയും ബന്ധപ്പെട്ട ആഘോഷങ്ങളും : ഒരു ജനതയുടെ ആവേശവും വികാരവും

മാവേലിക്കര: ഓണാട്ടു കരക്കാര്‍ക്കു ഇന്ന് ദേശീയോത്സവം. ചെട്ടികുളങ്ങര കുംഭ ഭരണി യുടെ ആഘോഷത്തിമിര്‍പ്പില്‍ മാവേലിക്കര.ഒരുമയുടെയും ദൃശ്യഭംഗിയുടെയും കൂട്ടായ്മയുടെയും ഉത്സവമായ കുംഭ ഭരണി ജാതിമത ഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ്.ഈ മാസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത് സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ് വിശ്വാസം. ചൊവ്വാ ദോഷങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് ഇത്. ചരിത്ര പ്രധാനമായ ചെട്ടികുളങ്ങര കുംഭ ഭരണിയും കെട്ടുകാഴ്ചയും ഇന്നു നടക്കും. ഉത്സവം പ്രമാണിച്ച് മുഴവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത, കെട്ടുകാഴ്ച ഓരോന്നും സന്ദര്‍ശിക്കുന്നതോടെ ക്ഷേത്രാന്തരീക്ഷം ഭക്തി സാന്ദ്രമാവും.

ചെട്ടികുളങ്ങരയിലെ 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിലെത്തുക. ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷനാണ് ഈ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്), കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂര്‍ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നീ കരകളുടെ കെട്ടുകാഴ്ചകള്‍ അമ്പലത്തില്‍ എത്തും.ഈ ക്ഷേത്രത്തില്‍ നടത്തിവരുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉല്‍സവമാണ് കെട്ടുകാഴ്ച.

ഭക്തജനങ്ങള്‍ നടത്തുന്ന കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളില്‍ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങള്‍ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാന്‍ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങള്‍ വേണ്ടി വരുന്നു.[അവലംബം ആവശ്യമാണ്] കുത്തിയോട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതല്‍ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവില്‍ കുട്ടി വ്രതാനുഷ്ഠാനം ചെയ്യ്ണം. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വര്‍ണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആണ്‍കുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരല്‍ മുറിയുന്ന ചടങ്ങ് എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.
ബാലന്മാരെ ഒരുക്കി തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യില്‍ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച് അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി, ഇരുകൈകളും ശിരസിനു മുകളില്‍ ചേര്‍ത്തു പിടിച്ച് കയ്യില്‍ പഴുക്കാപ്പാക്ക് തറച്ച കത്തി പിടിപ്പിക്കും. പിന്നീട് കുട്ടികളുടെ അരയില്‍ സ്വര്‍ണ്ണമോ, വെള്ളിയോ കൊണ്ടു നിര്‍മ്മിച്ച നൂല്‍ കോര്‍ക്കും. ഇതാണ് ചൂരല്‍ മുറിയല്‍
വെഞ്ചാമരം കൊണ്ടു വീശിയും പനിനീര്‍ തളിച്ചും ഘോഷയാത്രയായാണ് ബാലന്മാരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ലോഹനൂല്‍ ഊരിയെടുത്ത് ദേവിക്ക് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട് അവസാനിക്കും.ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകാഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമന്‍, പാഞ്ചാലി, ഹനുമാന്‍ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലില്‍ എത്തിക്കുന്നു. രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലില്‍ ഉള്ള ഓരോ രൂപങ്ങളെയും സന്ദര്‍ശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങള്‍ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലില്‍ ഇറക്കുകയാണു ചെയ്യുക. ഇതില്‍ ഒന്നാമത്തെ കര ഈരേഴ(തെക്ക്) കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിന് ‘കുതിര’ എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമന്‍,പാഞ്ചാലി,ഹനുമാന്‍ എന്നീ രൂപങ്ങള്‍ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങള്‍ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളില്‍ ഏഴ് താഴെ ആറ് എന്ന കണക്കില്‍ 13 എടുപ്പുകള്‍ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.

നാലുചക്രങ്ങളില്‍ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയില്‍ ഒരേ വലിപ്പത്തില്‍ മേല്‍ക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേല്‍ക്കൂടാരം എന്ന മൂന്നു ഭാഗങ്ങള്‍ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേല്‍ക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകള്‍ നിലത്തുവെച്ച് പണിക്കൂറ തീര്‍ത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയര്‍ത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തില്‍ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വര്‍ണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാള്‍ വര്‍ണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.

ചെട്ടികുളങ്ങരയില്‍ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങള്‍ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തില്‍ കുംഭഭരണി നാളില്‍ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വര്‍ണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്‌നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കല്‍ ചെട്ടിക്കുളങ്ങര ഭഗവതിനടയില്‍ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകള്‍ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകള്‍ കേരളത്തില്‍ മറ്റൊരിടത്തും കാണാനാവുകയില്ല.

ഒരു ഭരണി നാളില്‍ കൊഞ്ചും മാങ്ങ പാകം ചെയ്യുന്നത്തിനിടെ വിടിനു സമീപത്തു കൂടെ കുത്തിയോട്ട ഘോഷയാത്ര കടന്നു പോയപ്പോള്‍, ഘോഷയാത്ര കാണണം എന്ന് ആ വീട്ടമ്മക്ക് അതിയായ ഉണ്ടായി. എന്നാല്‍ അടുപ്പില്‍ ഇരിക്കുന്ന കൊഞ്ചും മാങ്ങ വിട്ടുപോകാന്‍ വിട്ടമ്മക്ക് ആകുമായിരുന്നില്ല. ഒടുവില്‍ കറി കരിയരുതേ എന്ന് ഭഗവതിയെ വിളിച്ച്‌കേണപേക്ഷിച്ച് വീട്ടമ്മ കുത്തിയോട്ടം കാണാന്‍ പോയി . മടങ്ങി എത്തിയപ്പോള്‍ കറി തയ്യാറായിരുന്നു . ഈ കാര്യം പ്രദേശമാകെ പരന്നു. കാലാന്തരത്തില്‍ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭഭരണിക്ക് ചെട്ടികുളങ്ങരകാര്‍ക്ക് ഒഴിച്ചുകുടാനാവാത്തതായി . കൊടുങ്ങല്ലൂരില്‍ നിന്നും ചെട്ടികുളങ്ങരയിലെത്തിയ ഭഗവതിക്ക് കരയിലെ ഒരു വിട്ടില്‍ നിന്നും കൊഞ്ചും മാങ്ങയും കൂട്ടി ഭക്ഷണം നല്‍കി എന്നാണ് മറ്റൊരു ഐതിഹ്യം.അതുകൊണ്ട് തന്നെ ഓണാട്ടു കരയിലെ എല്ലാവീട്ടിലും ഇന്ന് കൊഞ്ചുംമാങ്ങ കറി ഉണ്ടാവും.

shortlink

Post Your Comments


Back to top button