തിരുവനന്തപുരം : സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 16,000 സ്വകാര്യ ബസുകളില്‍ അടുത്ത മാസം ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം നിലവില്‍ വരും. ബസില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയാണ് മോട്ടോര്‍വാഹന വകുപ്പിന്റെ ലക്ഷ്യം. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ സിഡാക് തയ്യാറാക്കും. ജി.പി.എസ് ഉപകരണം ലഭ്യമാക്കുന്നതിന് കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.
ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തത്തിന് ശേഷം ബസുകളില്‍ ജി.പി.എസ് സംവിധാനം സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്നത് കേരളത്തിലാണ്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും ആറ്റിങ്ങലിലുമാണ് പദ്ധതി നടപ്പാക്കുക.
വാഹനങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയുക, വാഹനാപകടങ്ങള്‍ കുറയ്ക്കുക, വേഗം നിയന്ത്രിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. വാഹനത്തിന്റെ യാത്രാവിവരങ്ങള്‍ ജി.പി.എസ് വഴി മോട്ടോര്‍വാഹന വകുപ്പിനും പൊലീസിനും യഥാസമയം അറിയാന്‍ കഴിയും. അപകടസൂചന ലഭിച്ചാല്‍ യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ നാലിടങ്ങളിലായി സ്ഥാപിച്ച സ്വിച്ചുകളില്‍ അമര്‍ത്താം. അപ്പോള്‍തന്നെ ഈ സന്ദേശം ഉടന്‍തന്നെ കണ്‍ട്രോള്‍ റൂമുകളില്‍ ലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജി.പി.എസ് സംവിധാനം രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ സഹായകരമാകും. മാത്രമല്ല ബസ് ഉടമയ്ക്കും തത്സ്ഥിതി അറിയാന്‍ ജി.പി.എസ് സഹായിക്കും.
Post Your Comments