തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഷാഡോപോലീസിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവ് വേട്ട. സിറ്റി പോലീസ് കമ്മീഷ്ണര്‍ സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഷാഡോ പോലീസ് നടത്തിയ റെയ്ഡിലാണ് പത്തു കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ പിടിയിലായത്. പുലര്‍ച്ചെ 5 മണി മുതലായിരുന്നു കഞ്ചാവ് വില്‍പ്പന നടത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടന്നത്. ചെറിയതുറ വാട്‌സ് റോഡ് പ്രേം നിവാസില്‍ ജിഞ്ചി (47), ഇവരുടെ മകന്‍ രാജേഷിന്റെ ഭാര്യ റാണി, ചാല കരിമഠം കോളനിയില്‍ പീരുമുഹമ്മദിന്റെ മകന്‍ ദിലീപ് എന്നിവരെയാണ് യഥാക്രമം പൂന്തുറ, വലിയതുറ സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ ജിഞ്ചിയുടെ പേരില്‍ ആറ്റിങ്ങല്‍, കൊല്ലം, മംഗലാപുരം, പൂന്തുറ, മ്യൂസിയം എന്നീ സ്റ്റേഷനുകളില്‍ പതിനഞ്ചോളം കേസുകള്‍ നിലവിലുണ്ട്. വീട്ടിനുള്ളില്‍ വെച്ച് കഞ്ചാവ് വാങ്ങാനെത്തിയ ഉദയകുമാര്‍ എന്ന ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ് ജിഞ്ചി. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് മൊത്തമായി പല മാര്‍ഗങ്ങളിലായി എത്തിച്ച് മകനും മരുമകളും ചേര്‍ന്ന് ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നു. ദിലീപും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. ഇയാളെ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഷാഡോ പോലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു.
കേരള പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ക്ലീന്‍ ക്യാംപസ് സേഫ് ക്യാംപസിന്റെ ഭാഗമായി തുടര്‍ന്ന് വരുന്ന കഞ്ചാവ് വേട്ടയില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 25 കിലോയോളം കഞ്ചാവും, ഹാഷിഷ് ഓയിലും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഷാഡോ പോലീസ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് മൊത്തവില്‍പ്പനക്കാരെ ലക്ഷ്യമാക്കി നടത്തിക്കൊണ്ടിരിക്കുന്ന വേട്ടയില്‍ ഇതുവരെ എട്ടുപേര്‍ പിടിയിലായിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments