India

രാജീവ്‌ ഗാന്ധിയെ കൊലപ്പെടുത്തിയത്‌ എൽടിടിഇയുടെ വലിയ തെറ്റ്‌’

രാജീവ്‌ ഗാന്ധിയെ കൊലപ്പെടുത്തിയത്‌ എൽടിടിഇക്ക്‌ പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന്‌ അന്തരിച്ച മുൻ എൽടിടിഇ സൈദ്ധാന്തികൻ ആന്റൺ ബാലസിങ്കത്തെ ഉദ്ധരിച്ച്‌ പുതിയ പുസ്തകം.
ശ്രീലങ്കയിലെ നോർവെ അംബാസഡറായിരുന്ന എറിക്‌ സോൾഹെമിനോട്‌ ആന്റൺ ബാലസിങ്കം ഇക്കാര്യം പറഞ്ഞതായാണ്‌ മാർക്ക്‌ സാൾട്ടേഴ്സിന്റെ ടു എന്റ്‌ എ സിവിൽ വാർ എന്ന പുസ്തകത്തിൽ പറയുന്നത്‌.


ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ നോർവെ നടത്തിയ സമാധാന ശ്രമങ്ങളെ കുറിച്ചുള്ളതാണ്‌ പുസ്തകം. എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരനും ഇന്റലിജൻസ്‌ ചീഫ്‌ പൊട്ടു അമ്മനും തുടക്കത്തിൽ രാജീവ്‌ വധത്തിൽ തങ്ങൾക്ക്‌ പങ്കില്ലെന്നാണ്‌ പറഞ്ഞിരുന്നതെന്നും ആന്റൺ ബാലസിങ്കം പറഞ്ഞിരുന്നു. എന്നാൽ ആഴ്ചകൾക്ക്‌ ശേഷം തന്നെ ഇവർ തങ്ങളുടെ പങ്ക്‌ വെളിപ്പെടുത്തി. രാജീവ്‌ വധത്തിന്റെ ഉത്തരവാദിത്തം ഒരിക്കലും എൽടിടിഇ പരസ്യമായി ഏറ്റെടുത്തിരുന്നില്ല.

1991ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ അധികാരത്തിൽ തിരിച്ചെത്തിയാൽ രാജീവ്‌ വീണ്ടും ശ്രീലങ്കയിലേയ്ക്ക്‌ സൈന്യത്തെ അയക്കുമെന്ന്‌ തമിഴ്പുലി നേതൃത്വം ആശങ്കപ്പെട്ടിരുന്നു. ഇതേ തുടർന്നാണ്‌ 1987- 90 കാലത്ത്‌ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയിൽ കൊല്ലപ്പെട്ട തമിഴ്‌ പുലികളുടെ രക്തത്തിന്‌ പകരം ചോദിക്കാനായി രാജീവിനെ കൊലപ്പെടുത്താൻ പ്രഭാകരൻ തീരുമാനിച്ചത്‌. ശ്രീലങ്കയിൽ നിന്ന്‌ പലായനം ചെയ്ത ബാലസിങ്കം അവസാനദിവസങ്ങൾ കഴിച്ചു കൂട്ടിയത്‌ ലണ്ടനിലായിരുന്നു.
2006ൽ കാൻസർ ബാധിതനായാണ്‌ ബാലസിങ്കം മരണമടയുന്നത്‌. രാജീവ്‌ വധത്തിന്റെ പേരിൽ ഇന്ത്യയോട്‌ മാപ്പ്‌ ചോദിക്കുന്ന തരത്തിലുള്ള മാനസികാവസ്ഥയിലായിരുന്നു അവസാന കാലത്ത്‌ ബാലസിങ്കം.

അതേ സമയം ശ്രീലങ്കയിലെ മിതവാദി തമിഴ്‌ നേതാവും ചിന്തകനുമായിരുന്ന നീലൻ തിരുചെൽവത്തിനെ വധിച്ചതായി സമ്മതിക്കാൻ യാതൊരു മടിയും കുറ്റബോധവും ആന്റൺ ബാലസിങ്കത്തിന്‌ ഉണ്ടായിരുന്നില്ല.

എൽടിടിഇയെ രൂക്ഷമായി വിമർശിച്ചിരുന്ന നീലൻ തിരുചെൽവം 1999ൽ കൊളംബോയിൽ വച്ചാണ്‌ വധിക്കപ്പെടുന്നത്‌. വേലുപിള്ള പ്രഭാകരൻ ഒരു യുദ്ധഭ്രാന്തനാണെന്നും എൽടിടിഇ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറണമെന്നും ബാലസിങ്കം അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button