KeralaNews

ഇണയെ സ്വന്തമാക്കുന്നതിനായി നാഗരാജാക്കന്‍മാരുടെ യുദ്ധം

പറശ്ശിനിക്കടവ് : ഇണചേരാനുള്ള അര്‍ഹത നേടാന്‍ രാജവെമ്പാലകളുടെ യുദ്ധം. പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ഈ അത്യപൂര്‍വ കാഴ്ച. പോരില്‍ ജയിക്കുന്നവന്‍ രഹസ്യമായി ഇണ ചേരുന്നത് ദൃശ്യവത്കരിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനായി നാഷണല്‍ ജ്യോഗ്രഫി, ഡിസ്‌കവറി ചാനല്‍ പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണ്.

എതിരാളിയെ കീഴ്‌പ്പെടുത്തുന്ന വീരനാണ് സാധാരണ പെണ്‍ രാജവെമ്പാലയുടെ ഇണയാവുക. അതാണ് രാജവെമ്പാലകളുടെ രീതി. പോരില്‍ തോറ്റവര്‍ അപമാനഭാരത്താല്‍ പലപ്പോഴും രാജ്ഞിയെ കടിച്ച് കീറാനും ശ്രമിക്കും. മാര്‍ച്ച് മൂന്നിനാണ് രണ്ട് ആണ്‍ രാജവെമ്പാലകളെ പോര്‍ക്കളത്തിലിറക്കിയത്. എട്ട് ദിവസമായിട്ടും എതിരാളിയെ കീഴ്‌പ്പെടുത്താന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല.

സാധാരണ ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് രാജവെമ്പാലകള്‍ ഇണചേരുക. അതിനാലാണ് ഈ സമയം പാര്‍ക്ക് അധികൃതര്‍ തെരഞ്ഞെടുത്തത്. പാമ്പിനെ കുറിച്ചും പാമ്പ് വളര്‍ത്തലിനെ കുറിച്ചും ക്യാമ്പ് നടക്കുന്നുണ്ടിവിടെ. പീലിക്കുളം ബയോളജിക്കല്‍ പാര്‍ക്കിലെ ഗൗരിശങ്കറാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഇണചേര്‍ന്നുകഴിഞ്ഞാല്‍ ഇലകള്‍ ചേര്‍ത്ത് വെച്ച് കൂടുണ്ടാക്കി ഒരേസമയം 30 മുതല്‍ 50വരെ മുട്ടകള്‍ രാജവെമ്പാലകള്‍ ഇടാറുണ്ട്. ഇതില്‍ 90 ദിവസത്തോളം പെണ്‍പാമ്പ് അടയിരിക്കും. കൂടിന്റെ അടുത്തോ ശ്രദ്ധിക്കാവുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആണ്‍പാമ്പും നിരീക്ഷണത്തിനുണ്ടാകുമെന്നത് ഇവയുടെ പ്രത്യേകതയാണ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button