കൊച്ചി: മുംബൈ, ചെന്നൈ, വല്ലാര്‍പാടം എന്നിവ ഉള്‍പ്പെടെ ഇന്ത്യയിലെ പല കണ്ടയ്നര്‍ ടെര്‍മിനലുകളിലെയും പ്രമുഖ സാന്നിധ്യമായ ദുബായ് പോര്‍ട്ട് വേള്‍ഡിന് ഇന്ത്യന്‍ ഹോള്‍ഡിങ് കമ്പനിയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ഡിപി വേള്‍ഡിന്റെ കണ്ടയ്നര്‍ ടെര്‍മിനല്‍ പദ്ധതികളിലെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനുള്ള നടപടിയ്ക്ക് ‘ നോ ഒബ്ജക്ഷന് ‘ നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയാണ് തീരുമാനിച്ചത്.
എന്നാല്‍ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്ന നടപടി ഡിപി വേള്‍ഡിനെ സഹായിക്കാനുള്ളതാണെന്ന് വിവിധ തുറമുഖങ്ങളിലെ തൊഴിലാളി സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു. വല്ലാര്‍പാടം ടെര്‍മിനലിന്റെ നടത്തിപ്പ് നഷ്ടത്തിലാണ്. എന്നാല്‍ ചെന്നൈയിലും മുംബൈയിലും ഡിപി വേള്‍ഡ് ലാഭമുണ്ടാക്കുന്നു.
എല്ലായിടത്തേയും വരുമാനം ഒരുമിച്ച് കണക്കാക്കി സമര്‍പ്പിക്കുമ്പോള്‍ നികുതിയിനത്തില്‍ ലാഭമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് ഡിപി വേള്‍ഡെന്ന് തൊഴിലാളി നേതാക്കള്‍ പറയുന്നു.
ഹിന്ദുസ്ഥാന്‍ പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹോള്‍ഡിങ് കമ്പനി രൂപീകരിക്കുന്നതിലൂടെ ഇന്ത്യയിലെ ഡിപി വേള്‍ഡിന്റെ ആസ്തികളുടെ പുന:സംഘടനയും നിലവിലുള്ള പ്രധാന തുറമുഖങ്ങളിലെ സ്വാധീനം ഉറപ്പിക്കലുമാണ് ലക്ഷ്യമിടുന്നത്.
എന്നാല്‍ കൊച്ചിന് പോര്‍ട് ട്രസ്റ്റും ഡിപി വേള്‍ഡും തമ്മില്‍ തമ്മില്‍ പല കാര്യത്തിലും തര്‍ക്കം നില നില്‍ക്കുന്നുണ്ട്. വല്ലാര്‍പാടത്തേയ്ക്കുള്ള നാലുവരി ദേശീയപാത പൂര്‍ത്തിയാക്കാന്‍ വൈകിയത് സംബന്ധിച്ച് ഇതുവരെയും ആര്ബിട്രേഷന് തീരുമാനമായിട്ടില്ല.
ഇതുള്‍പ്പെടെയുള്ള പല കാര്യങ്ങളും തീര്പ്പായിട്ടില്ലെന്നിരിക്കെ ഇന്ത്യന്‍ ഹോള്‍ഡിങ് കമ്പനി രൂപീകരിക്കാന്‍ കേന്ദ്രം പച്ചക്കൊടി കാട്ടിയത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കാനേ ഉപകരിക്കൂവെന്നും തൊഴിലാളി സംഘടനാ നേതാക്കള്‍ പറയുന്നു.
Post Your Comments