ന്യൂഡല്‍ഹി: ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കൊമ്പ് കോര്‍ക്കാതിരിക്കുന്ന അവസരങ്ങള്‍ കുറവാണ് ഇക്കുറി പാര്‍ലമെന്റില്‍. എന്നാല്‍ പ്രതിപക്ഷത്ത് നിന്ന് അഭിനന്ദന ശബ്ദം ഉയര്‍ന്നത് ബിജെപി നേതാവും വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന് വേണ്ടി മാത്രമാണ്. ലോക്സഭയിലാണ് സുഷമ സ്വരാജിനെ പ്രശംസിച്ച് ചില പ്രതിപക്ഷാംഗങ്ങള്‍ രംഗത്ത് വന്നത്.
ആംആദ്മി പാര്‍ട്ടിയുടെ ഭഗവത് മാനാണ് ആദ്യം വിദേശകാര്യ മന്ത്രിയോട് നന്ദി അറിയിച്ചത്. വാക്കുകള്‍ ഇങ്ങനെ ‘ഞാന്‍ മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിക്കുന്നു. വിദേശത്തുള്ള പ്രവാസികളെ സംരക്ഷിക്കുന്നതിന് വളരെ മികച്ച പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെയ്ക്കുന്നത്’. തന്റെ മണ്ഡലത്തിലെ 13 പേര്‍ സൗദി അറേബ്യയില്‍ അടിമപ്പണി എടുക്കേണ്ടി വന്നതോടെ ഇവരെ തിരിച്ചെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയെന്നും വളരെ പെട്ടെന്ന് സുഷമ സ്വരാജ് പ്രശ്നത്തില്‍ ഇടപെട്ട് 13 പേരെയും സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള മാര്‍ഗം ഉണ്ടാക്കിയെന്നും എംപി പറഞ്ഞു.
മറ്റൊരു ആംആദ്മി പാര്‍ലമെന്റംഗം ധര്‍മ്മവീര്‍ ഗാന്ധിയും സുഷമ സ്വരാജിനെ പ്രകീര്‍ത്തിച്ചു. ‘എനിക്ക് ഒരു ചോദ്യവും ചോദിക്കാനില്ല. ഞാന്‍ എഴുന്നേറ്റത് വിദേശകാര്യ മന്ത്രിയോട് നന്ദി പറയാനാണ്. ആവശ്യമുള്ള സന്ദര്‍ഭങ്ങളിലെല്ലാം പഞ്ചാബിലെ ജനങ്ങള്‍ക്ക് അവരുടെ സഹായം കിട്ടിയിട്ടുണ്ട്.’
ബിജ് ജനാദാതള്‍ നേതാവ് ബൈജയന്ത് പാണ്ഡെയും മന്ത്രിയെ പ്രശംസിച്ചു ‘മന്ത്രി എന്ന നിലയില്‍ അവരുടെ പ്രതികരണവും പ്രവര്‍ത്തനവും മികച്ചതാണ്’. രാഷ്ട്രീയ ജനതാദള്‍ മെംബര്‍ രാജേഷ് രഞ്ജന്‍ പപ്പു യാദവ് സുഷമ സ്വരാജിനെ പ്രശംസിച്ചത് ഇംഗ്ലീഷിലുള്ള ചോദ്യത്തിന് ഹിന്ദിയില്‍ മറുപടി പറഞ്ഞതിനായിരുന്നു. ഹിന്ദി അറിയാമെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കുന്നവരാണ് അധികവുമെന്ന കുറ്റപ്പെടുത്തലാണ് പപ്പു യാദവ് ഉയര്‍ത്തിയത്. തൊഴുകൈകളോടെ പ്രോല്‍സാഹനത്തിന് എല്ലാവരോടും വിദേശകാര്യ മന്ത്രി നന്ദി പറഞ്ഞു.
Post Your Comments