NewsBusiness

ലംബോര്‍ഗിനിയുടെ കാളക്കൂറ്റന്‍

ഈ മാസം ജനീവയില്‍ നടന്ന ഓട്ടോഷോയില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ മോഡലുകളിലൊന്ന് ലംബോര്‍ഗിനിയുടെ സെന്റനേറിയോ ആയിരുന്നു. കമ്പനിയുടെ സ്ഥാപകനായ ഫെറുച്ചിയോ ലംബോര്‍ഗിനിയുടെ ജന്മശതാബ്ദി പ്രമാണിച്ചാണ് സെന്റനേറിയോ എന്ന പേര്. പാരമ്പര്യവും നവീകരണവും പൂര്‍ണതയോടെ സമന്വയിക്കുന്ന കാറാണ് സെന്റനേറിയോ.

സീരീസ് പ്രൊഡക്ഷന്‍ കാറുകളുടെ പരിമിതികള്‍ക്ക് അപ്പുറത്തേക്ക് പോയി താരതമ്യങ്ങളില്ലാത്ത ഫലം നേടാന്‍ ഡിസൈനര്‍മാര്‍ക്കും എഞ്ചിനിയര്‍മാര്‍ക്കും നല്‍കിയ അവസരമായിരുന്നു സെന്റനേറിയോ.

തിളങ്ങുന്ന കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത, 4.924 മീറ്റര്‍ നീളവും 1.1143 മീറ്റര്‍ ഉയരവുമുള്ള പുതിയ ലാംബോയുടെ ബോഡി എയ്റോഡൈനാമിക്സിന്റെ ഉത്തമോദാഹരണമാണ്. കാറിന്റെ ധര്‍മ്മത്തിന് ചേര്‍ന്ന രൂപം എന്ന തത്വത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണിത്.

770 എച്ച്.പി കരുത്തുള്ള എഞ്ചിന്‍ വെറും 2.8 സെക്കന്‍ഡില്‍ വണ്ടിയെ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലെത്തിക്കും. 23.5 സെക്കന്‍ഡില്‍ 300 കി.മി വേഗത്തിലും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് കൂടിയ വേഗം. 100 കിലോമീറ്റര്‍ വേഗത്തിലോടുന്ന വണ്ടി ബ്രേക്ക് ചവിട്ടിയാല്‍ 30 മീറ്ററിനുള്ളില്‍ നിശ്ചലാവസ്ഥയിലെത്തും. പിന്‍ചക്രങ്ങളും സ്റ്റിയറിങ്ങിനൊത്ത് തിരിയുമെന്നതിനാല്‍ ഉന്നത വേഗങ്ങളിലും വളവുകള്‍ ബാലന്‍സ് നഷ്ടപ്പെടാതെ ചടുലമായി കൈകാര്യം ചെയ്യാന്‍ സെന്റിനേറിയോക്ക് കഴിയും.

ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ 40 യൂണിറ്റുകള്‍ മാത്രമെ നിര്‍മ്മിക്കുന്നുള്ളു. 20 കൂപ്പെകളും 20 റോഡ്സ്റ്റര്‍ മോഡലുകളും. ആ 40 മോഡലുകളും മോട്ടോര്‍ ഷോയിലെ അരങ്ങേറ്റത്തിന് മുന്‍പു തന്നെ വിറ്റു കഴിഞ്ഞിരുന്നു. 13 കോടിക്കടുത്താണ് വില.

shortlink

Post Your Comments


Back to top button