NewsInternationalTechnology

മനുഷ്യന്റെ അഹങ്കാരത്തിന് കമ്പ്യൂട്ടറിന്റെ മറുപടി

ഒടുവില്‍ അതും യാഥാര്‍ഥ്യമായിരിക്കുന്നു, അതീവബുദ്ധിയുള്ള ഭൂമിയിലെ ഒരേയൊരു ജീവിയെന്ന മനുഷ്യന്റെ അഹങ്കാരത്തിനു മേല്‍ ശാസ്ത്രത്തിന്റെ കൂറ്റന്‍ പ്രഹരം. കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്-എ ഐ) പ്രകാരം പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ കംപ്യൂട്ടര്‍ പ്രോഗ്രാം മനുഷ്യനെ തോല്‍പിച്ചിരിക്കുന്നു. അതും വിശകലന ശേഷിയും ബുദ്ധിശക്തിയും ഒരുപോലെ പ്രയോഗിച്ച് ജയിക്കേണ്ട ഒരു കളിയില്‍. ഗൂഗിളിന്റെ ‘ആല്‍ഫാഗോ’ കംപ്യൂട്ടര്‍ പ്രോഗ്രാമാണ് ഇക്കാര്യത്തില്‍ നിര്‍ണായക നേട്ടം കൈവരിച്ചിരിക്കുന്നത്. ‘ഗോ’ എന്ന അതിസങ്കീര്‍ണമായ ബോര്‍ഡ് ഗെയിമിലെ നിലവിലെ ലോകചാംപ്യനായ ദക്ഷിണകൊറിയയുടെ ലീ സെഡോളിനെയാണ് ആല്‍ഫാഗോ തോല്‍പിച്ചത്.

Lee-Sedol vs alphago

പുരാതന കാലത്ത് ചൈനയിലും ജപ്പാനിലും ദക്ഷിണകൊറിയയിലും നിലനിന്നിരുന്ന ഈ കളി പഠിച്ചെടുക്കാനും ജയിക്കാനും ഏറ്റവും ബുദ്ധിമുട്ടുള്ള മത്സരങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ചതുരംഗത്തിനു സമാനമായുള്ള ബോര്‍ഡില്‍ കറുപ്പും വെളുപ്പും കല്ലുകളുപയോഗിച്ച് പോരാടി പരമാവധി ‘പ്രദേശങ്ങള്‍’ സ്വന്തമാക്കുന്നതാണ് ഗോ മത്സരം. അടുത്ത ഒരു ദശാബ്ദക്കാലത്തേക്കെങ്കിലും ഗോയില്‍ കംപ്യൂട്ടറിന് മനുഷ്യനെ വെല്ലാനാവില്ലെന്നായിരുന്നു ശാസ്ത്രത്തിന്റെ വിശ്വാസം. അതിനാല്‍ത്തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ നിര്‍ണായക നാഴികക്കല്ലുമാണിത്- ‘ഞങ്ങള്‍ ചന്ദ്രനില്‍ കാലുകുത്തിരിയിരിക്കുന്നു’ എന്നാണ് മത്സരശേഷം ഗൂഗിളിന്റെ ഡീപ്‌മൈന്‍ഡ് പ്രോഗ്രാം ചീഫ് എക്‌സിക്യുട്ടീവ് ഡെമിസ് ഹസാബിസ് ട്വീറ്റ് ചെയ്തത്. കൃത്രിമ ബുദ്ധിയെക്കുറിച്ച് ഗവേഷണത്തിന് ഗൂഗിള്‍ തയാറാക്കിയതാണ് ഡീപ്‌മൈന്‍ഡ് പ്രോഗ്രാം.

മനുഷ്യബുദ്ധിയെയും കടന്ന് റോബോട്ടിക് എ ഐ-ബുദ്ധികള്‍ ലോകം കീഴടക്കുമെന്ന ആശങ്കകളിന്മേലുള്ള ആദ്യത്തെ നിര്‍ണായക നീക്കമായാണിതിനെ ശാസ്ത്രലോകം കണക്കാക്കുന്നതും. ‘ആല്‍ഫാഗോ’യുടെ നീക്കങ്ങള്‍ തന്നെ ഞെട്ടിച്ചു കളഞ്ഞതായും ഇത്രയും ബുദ്ധിയുള്ള കംപ്യൂട്ടര്‍ പ്രോഗ്രാമിനോടാണ് ഏറ്റുമുട്ടേണ്ടതെന്ന് കരുതിയിരുന്നില്ലെന്നുമായിരുന്നു മത്സരശേഷം ലീയുടെ വാക്കുകള്‍. ഇക്കഴിഞ്ഞ ഒക്ടോബറിലും ‘ഗോ’ മത്സരത്തില്‍ ഒരു മനുഷ്യനെ ആല്‍ഫ തോല്‍പിച്ചിരുന്നു. എന്നാല്‍ 18 ലോകകിരീടങ്ങള്‍ സ്വന്തമായുള്ള ലീയെ തോല്‍പിക്കുക എന്നത് ഏറെ ശ്രമകരമായാണ് ഗൂഗിളും കരുതിയിരുന്നത്. പക്ഷേ മൂന്നര മണിക്കൂര്‍ സമയം കൊണ്ട് ലീയെ ആല്‍ഫ തോല്‍പിച്ചുകളഞ്ഞു. ലീയുടെ കയ്യില്‍ പിന്നെയും 28 മിനിറ്റും 28 സെക്കന്‍ഡും ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ലോകമെങ്ങുമുള്ള ശാസ്ത്രസ്‌നേഹികളും ഗോ പ്രേമികളും ലൈവായി യൂട്യൂബിലും ചാനലുകളിലും മത്സരം കണ്ടുകൊണ്ടിരിക്കെ അദ്ദേഹം തോല്‍വി സമ്മതിക്കുകയായിരുന്നു.

Lee-Sedol vs alphago3

ആല്‍ഫയുടെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രോഗ്രാമര്‍മാരെ അഭിനന്ദിക്കാനും ഈ മുപ്പത്തിമൂന്നുകാരന്‍ മറന്നില്ല. ഗോ മത്സരങ്ങളുടെ വിഡിയോകള്‍ വിശകലനം ചെയ്തും പ്രോഗ്രാം ഉപയോഗിച്ച് സ്വന്തമായി പരിശീലനം നടത്തിയുമെല്ലാമാണ് ആല്‍ഫയുടെ വിജയം. അഞ്ചുകളികളുള്ള മത്സരത്തിലെ ആദ്യത്തേതാണ് മാര്‍ച്ച് ഒന്‍പതിനു നടന്നത്. മാര്‍ച്ച് 10, 12, 13, 15 ദിവസങ്ങളിലാണ് ഇനിയുള്ള മത്സരം. വിജയിച്ചാല്‍ 10 ലക്ഷം ഡോളറാണ് ലീയെ കാത്തിരിക്കുന്ന സമ്മാനത്തുക. തോല്‍വി പൂര്‍ണമായും സമ്മതിച്ചിട്ടില്ല ലീ-‘ഇനിയും നാലു മത്സരങ്ങള്‍ ബാക്കിയുണ്ടല്ലോ…’ എന്നാണദ്ദേഹത്തിന്റെ വെല്ലുവിളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button