തിരുവനന്തപുരം: ‘തുല്യതയ്ക്കായി പ്രതിജ്ഞ ചെയ്യുക’ എന്ന മുദ്രാവാക്യവുമായി മാർച്ച് എട്ടിന് ആഘോഷിക്കുന്ന ലോകവനിതാദിനത്തിൽ വേതനതുല്യതയുടെ സന്ദേശം നൽകുന്നത് സംസ്ഥാനത്തെ ആദ്യ വനിതാ ടാക്സീഡ്രൈവർമാരിൽ ഒരാളായ യു. അനിമോൾ! കേരള വനിതാക്കമ്മിഷനും കോർപ്പറേഷൻ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനസമിതിയായ കോർപ് കിരണും തിരുവനന്തപുരം സർക്കാർ വനിതാക്കോളെജ് വിമൻ സെല്ലും ചേർന്നു സംഘടിപ്പിക്കുന്ന ആഘോഷത്തിലാണ് അനിമോൾ മുഖ്യാതിഥിയായി വനിതാദിനസന്ദേശം നൽകുന്നത്. രാവിലെ 10ന് വനിതാക്കോളെജ് അസംബ്ലി ഹാളിലാണു പരിപാടി.
അസംഘടിതമേഖലയിൽ തുല്യജോലിക്കു തുല്യവേതനം എന്നത് ഇനിയും ആവശ്യം മാത്രമായി അവശേഷിക്കെ, ചെയ്യുന്ന ജോലിക്കു പുരുഷനൊപ്പം വേതനം വാങ്ങുന്ന തൊഴിലാളി എന്ന നിലയിൽ തനിക്കു കൈവന്ന തുല്യാവകാശത്തിന്റെ പ്രാധാന്യം അനിമോൾ വനിതാക്കോളെജ് വിദ്യാർത്ഥിനികളെ ബോദ്ധ്യപ്പെടുത്തും. പുരുഷനെപ്പോലെ രാത്രിയും പകലും ജോലിചെയ്യുന്നു, മീറ്ററിൽ കാണുന്ന കൂലി വാങ്ങുന്നു, സ്വന്തവരുമാനം ആയപ്പോൾ കുടുംബത്തിലും സമൂഹത്തിലും തന്റെ അഭിപ്രായങ്ങൾ സ്വീകരിക്കപ്പെടുന്നു, ടാക്സി ഡ്രൈവർ എന്നനിലയിൽ സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖരെയടക്കം പരിചയപ്പെടാൻ കഴിയുന്നു എന്നുതുടങ്ങി അനിമോൾക്കു പങ്കുവയ്ക്കാൻ നേട്ടങ്ങൾ ഏറെ!
പ്രത്യേക വനിതാദിനപ്രതിജ്ഞയും അനിമോൾ ചൊല്ലിക്കൊടുക്കും. പ്രതിജ്ഞാവാചകങ്ങളുടെ പശ്ചാത്തലത്തിൽ നിന്നു പ്രതിജ്ഞ ചൊല്ലുന്നതിന്റെ സെൽഫി എടുത്ത് സമൂഹമാദ്ധ്യമത്തിൽ പ്രൊഫൈൽച്ചിത്രം ആക്കും. പരിപാടിക്കുശേഷം കോളെജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും ഇത്തരത്തിൽ പ്രതിജ്ഞാസെൽഫിക്ക് അവസരം ഒരുക്കും. അസമത്വം മറികടന്നവരുടെ മാതൃകകൾ ഉയർത്തിക്കാട്ടുക എന്ന യു.എൻ. വിമന്റെ ആഹ്വാനപ്രകാരമാണ് ടാക്സി ഡ്രൈവർ അനിമോളെ മുഖ്യാതിഥിയായി തെരഞ്ഞെടുത്തത്.
കോർപ് കിരൺ അംഗം പ്രതീക്ഷ മെശ്രാമിന്റെ അദ്ധ്യക്ഷതയിൽ ദിനാഘോഷം വനിതാക്കമ്മിഷൻ അംഗം ഡോ: ലിസി ജോസ് ഉദ്ഘാടനം ചെയ്യും. കമ്മിഷന്റെ ഷോർട്ട് സ്റ്റേ ഹോമിലെ അന്തേവാസികളായ വിദ്യാർത്ഥിനികൾക്കു കോർപ് കിരൺ സംഭാവനചെയ്യുന്ന സ്റ്റഡി ടേബിളുകളുടെ തക്കോൽ സംഘടനയുടെ വൈസ് പ്രസിഡന്റ് ഗായത്രി ആർ. കാമത്ത് കമ്മിഷന്റെ മെംബർ സെക്രട്ടറി കെ. ഷൈലശ്രീക്കു കൈമാറും.
തുടർന്ന് ഇന്ദിരാഗാന്ധി ഗവ: മെഡിക്കൽ കോളെജിലെ ഡോ. കല്പന ഗോപൻ ‘ലിംഗപരമായ അസമത്വവും ആരോഗ്യപ്രശ്നനങ്ങളും’ എന്ന പ്രഭാഷണം നടത്തും. കോളെജ് പ്രിൻസിപ്പൽ ഡോ: ജെ. സുജാത, വിമൻസ് സെൽ കൺവീനർ റ്റി.എസ്. രാജി, കോർപ് കിരൺ സെക്രട്ടറി പ്രിയരഞ്ജിനി എന്നിവർ ആശംസ നേരും.
Post Your Comments