അഞ്ജു പ്രഭീഷ്
പുരാണങ്ങളുടെയും ചരിത്രത്തിന്റെയും മിത്തുകളുടെയും പാലാഴി കടഞ്ഞാല്‍ അമൃതു പോലുള്ള കഥാപാത്രങ്ങള്‍ മിഴിവോടെ കാലത്തിന്റെ അഗാധയില്‍ നിന്നും പൊങ്ങിവരും..അത്തരത്തില്‍ കാലം മറന്നുവച്ചൊരു കണ്ണുനീര്‍ മുത്തുണ്ട് ത്രേതായുഗത്തില്‍..അതാണ് ലക്ഷ്മണപത്നിയായ ഊര്‍മ്മിള ..ഇന്നീ കലിയുഗത്തില്‍ പോലും പെണ്ണത്തത്തെ ആണ്മയുടെ ഔദാര്യത്തില്‍ വരച്ചുക്കാട്ടുമ്പോള്‍ ത്രേതായുഗത്തിന്റെ ഗാഥകള്‍ പാടിയ ആദികവിയെ പ്രതിക്കൂട്ടിലാക്കുവാന്‍ വയ്യ തന്നെ. ഇതിഹാസങ്ങള്‍ ക്രൂരമായി അവഗണിച്ച ഒത്തിരി സ്ത്രീകഥാപാത്രങ്ങളുണ്ട് നമുക്ക് ചുറ്റും.നെഞ്ചിലെരിയുന്ന അവഗണനയുടെ കനലുമായി ചരിത്രത്തിലേക്ക് എത്തിനോക്കുന്ന ചില വെറും വേഷങ്ങള്‍.അവഗണനയുടെ വാത്മീകത്തില്‍ നിന്നും ഇവരെ പുറത്തേക്ക് കൊണ്ടുവന്നാല്‍ വന്നാല്‍ സൂര്യനെ പോലെ പ്രകാശിക്കും ഇവര്‍ . അന്നും ഇന്നും എന്നും പെണ്മ പിറന്നുവീണിരുന്നത് ആണ്മയുടെ തൊട്ടിലിലും താരാട്ടുപാട്ടിലുമായിരുന്നു.. ഭാഷയില്‍ എന്നും പെണ്മയ്ക്ക് മേല്‍ ആണ്മയുടെ മേല്‍ക്കോയ്മയുണ്ടായിരുന്നു. ഇരയിമ്മന്‍ തമ്പിയുടെ താരാട്ടുപാട്ട് “അവനു”വേണ്ടിയായിരുന്നു.. പൂതപ്പാട്ടിലെ അമ്മ തന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തതും “അവനു”വേണ്ടിയായിരുന്നു..മാമ്പഴത്തിലെ അമ്മ കണ്ണുനീര്‍ വാര്‍ത്തതും അവനുവേണ്ടിയായിരുന്നു.എന്നിരുന്നാലും ചിലപ്പോഴൊക്കെ ഇന്ദുലേഖയും സുഭദ്രയും ഈ ആണ്മയെ തകര്‍ത്തെറിയുവാന്‍ ശ്രമിച്ചിട്ടുണ്ട്. വര്‍ത്തമാനകാലത്ത് ചേതനയെന്ന ആരാച്ചാര്‍ കടുംകെട്ടുകൊണ്ട് ഞെരിച്ചുകൊന്നത് ആണ്മയുടെ ആ ഔദാര്യമനോഭാവത്തെയാണ്.
ആദികാവ്യമായ രാമായണം രാമന്റെ മാത്രം അയനമായി മാറിയപ്പോള്‍ സീത സഹനത്തിന്റെയും പാതിവ്രത്യത്തിന്റെയും മൂര്‍ത്തരൂപമായി വാഴ്ത്തപ്പെട്ടു.കണ്ണുനീരിന്റെ പര്യായമായി മാറിയത്രേ ജാനകി..സീതയെന്ന മൂര്‍ത്തഭാവത്തെ ആവോളം ആദികവിയും കാലവും വര്‍ണിച്ചപ്പോള്‍ നിഴലായി മാഞ്ഞുപോയ അമൂല്യ സ്ത്രീരത്നമാണ് ഊര്‍മ്മിള .ജനകരാജവിന്റെ സ്വന്തം രക്തത്തില്‍ ജനിച്ച ഒരേയൊരു പുത്രിയായിരുന്നിട്ടും അവളെ ജാനകിയെന്നു വാല്മീകി വിളിച്ചില്ല…മിഥിലാപുരിയുടെ യഥാര്‍ത്ഥ അവകാശി അവളായിരുന്നിട്ടും ഒരു മാത്ര പോലും അവളെ മൈഥിലിയെന്നും ആരും വിളിച്ചില്ല .. വിരഹത്തിന്റെ താപാഗ്നിയില്‍ പതിനാലുകൊല്ലം ഉരുകിയൊലിച്ചിട്ടും വൈദേഹിയെന്ന പേരും അവള്‍ക്കന്ന്യം .എന്നും സീതയുടെ നിഴലായി ചരിത്രത്തില്‍ ഇടം നേടാനായിരുന്നു അവളുടെ വിധി..അവഗണിക്കപ്പെട്ട സ്ത്രീജന്മത്തിന്റെ പ്രതീകമാണ് ഊര്‍മ്മിള .അവളോടുള്ള അവഗണന ജനനം മുതല്‍ കവി കാട്ടുന്നുണ്ട്. സ്വപിതാവില്‍ നിന്നും അര്‍ഹതപ്പെട്ട സ്നേഹവും അവകാശവും മറ്റൊരാള്‍ക്ക് കൂടുതലായി ചെന്നുചേരുന്നതിനു സാക്ഷ്യം വഹിച്ച അവളിലെ കുഞ്ഞുമനസ്സ് അന്നേ എന്തിനോടും പൊരുത്തപ്പെടാനുള്ള ശക്തി നേടിയിട്ടുണ്ടാവണം..
ഇരുപത്തിനാലായിരം ശീലുകളുള്ള രാമായണത്തിന്റെ പരിമിതമായ ഏടുകളില്‍ ഊര്‍മ്മിളയെ ഒതുക്കിയത് എന്തിനുവേണ്ടിയായിരുന്നിരിക്കണം ? രാഘവനെന്ന ആണ്മയുടെ പ്രതീകത്തെ മുഖ്യധാരയിലേക്ക് പുരുഷോത്തമനായി കൊണ്ടുവന്ന വാല്മീകി പക്ഷേ പരാജയപ്പെട്ടത് ഊര്‍മ്മിളയുടെ മുന്നിലായിരുന്നു.അവളിലെ മൌനത്തിലൊളിപ്പിച്ച ചോദ്യശരങ്ങളെ നേരിടാനാവാതെ, ദുര്‍ബലനായി പോയതുകൊണ്ടാവാം അവളെ വെറും വരികളില്‍ ഒതുക്കിയത്.നിഴല്‍ മൂടിയ സത്യങ്ങള്‍ കനലുകളായി തിളങ്ങുമ്പോള്‍ രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ കഥാപാത്രമായി ഊര്‍മ്മിള കാലാതിവര്‍ത്തിയായി നിലക്കൊള്ളുന്നുണ്ട്..രാമായണം മുഴുവനായി വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ കൊളുത്തിവച്ച കെടാദീപമായി ഊര്‍മ്മിള മാറിപ്പോകുന്നുവെങ്കില്‍ ജയിക്കുന്നത് ആദികവി നിഴല്‍ കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ച പെണ്മയാണ്. തോല്‍ക്കുന്നത് നീര്‍ക്കുമിള പോലെ വീര്‍പ്പിച്ച ആണത്തത്തിന്റെ സ്വത്വവും. ഉറങ്ങാതിരിക്കുന്ന തന്റെ ഭര്‍ത്താവിനു തന്നെ ഓര്‍മ വരാതിരിക്കാനുള്ള വരം നിദ്രാദേവിയോടു ചോദിച്ച ഇവളോളം ശ്രേഷ്ഠത മറ്റൊരു സ്ത്രീക്ക് ഉണ്ടാകുമോ ?സ്വപതിയുടെ നിയോഗത്തിന് ഭംഗം വരാതിരിക്കുവാന്‍ തന്റെ ഓര്‍മകളെപ്പോലും അവനില്‍ നിന്നും മറയ്ക്കാന്‍ ശ്രമിച്ച ഇവളല്ലേ യഥാര്ത്ഥു സ്ത്രീരത്നം .
അയോദ്ധ്യാകാണ്ഡത്തിൽ, പിതൃഹിതം നിറവേറ്റാൻ യാത്ര പുറപ്പെടുന്ന ശ്രീരാമനെ ഓർത്തു വിലപിക്കുന്ന നാരീജനത്തെ വാല്മീകി നമുക്ക് കാട്ടിത്തരുന്നുണ്ട് .എന്നാൽ, പതിന്നാലു വർഷം തന്നെ വിട്ടുപിരിയുന്ന ഭർത്താവിനോട് മംഗളം നേരുന്ന ഊർമിളയെ നേരാംവണ്ണം നമുക്ക് കാട്ടിതരുന്നുണ്ടോ?ഇല്ല തന്നെ.അങ്ങനെ കാട്ടിതന്നാല്‍ അവിടെ മുതല്‍ കഥാഗതി മാറി അത് ഊര്‍മ്മിളായനം ആയിത്തീരുമോയെന്നു ആദികവി ഭയപ്പെട്ടിട്ടുണ്ടാകണം.മരവുരി ധരിച്ചു പതിക്കൊപ്പം കാനനവാസം പൂകുന്ന സീതയ്ക്ക് ഇവിടെ നഷ്ടങ്ങളുണ്ടോ? അവള്‍ക്കൊപ്പം സ്നേഹവും സംരക്ഷണവും നല്കാ്ന്‍ കാന്തനുണ്ട്..ഏതാവശ്യവും നടത്തിത്തരാന്‍ ലക്ഷ്മണനും ഉണ്ട്.’കൂടെ വരട്ടെ’ എന്ന ഊര്‍മ്മിളയുടെ ചോദ്യത്തിനു ‘വേണ്ട, കൃത്യനിർവഹണഭംഗമാകുമത്’ എന്ന് ലക്ഷ്മണൻ പറയുമ്പോൾ അഴറുന്ന, നിസ്സഹായയായി ഉള്ളിൽ കേഴുന്ന ആ സ്ത്രീഹൃദയത്തിന്റെ വേദനയെ എന്തുകൊണ്ട് കാലത്തിനു കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല ? ആ വിലക്കില്‍ അപമാനിക്കപ്പെടുന്നത് അവളുടെ സ്ത്രീത്വമാണ്.സീതയുടെ അഭ്യര്‍ത്ഥന മാനിക്കപെടുമ്പോള്‍,പുഞ്ചിരിക്കൊണ്ടു രാമന്‍ യാത്രാനുമതി നല്‍കുമ്പോള്‍ ,മറുപക്ഷത്ത് അതേ അഭ്യര്‍ത്ഥന ചെവിക്കൊള്ളാതെ പോകുന്നു..ഇവിടെ കാണാന്‍ കഴിയുന്നത് വാല്മീകിയുടെ സ്ത്രീപാത്രനിര്‍മ്മിതിയിലെ പക്ഷപാതമാണ്..മുന്നോട്ടുള്ള കഥാഗതിയില്‍ സീതയുടെ വനയാത്ര അനിവാര്യമാണല്ലോ ..ഒപ്പം ഊര്‍മ്മിളയെയും കൂട്ടാമായിരുന്നില്ലേ ആദികവിക്ക്? ?ഇവിടെയാണ് ഊര്‍മ്മിളയുടെ പ്രസക്തി .ജാനകിക്കൊപ്പം ഊര്‍മ്മിളയും കാട്ടിലേക്ക് പോയിരുന്നുവെങ്കില്‍ രാമായണകഥ മറ്റൊന്നാവുമായിരുന്നു.. എങ്കില്‍പ്പിന്നെ ശൂര്‍പ്പണഖയൊരിക്കലും ലക്ഷ്മണനെ കാമിക്കുകയില്ലായിരുന്നു.ശൂര്‍പ്പണഖയില്ലെങ്കില്‍ ലങ്കാധിപതി രാവണന്‍ സീതയെ കാണുകയും ഇല്ലായിരുന്നു.അങ്ങനെ വരുമ്പോള്‍ ഊര്മ്മിങളയുടെ യാത്ര വാല്മീകിക്ക് തടഞ്ഞേ മതിയാകൂ..
വിരഹത്തിനു അമിത പ്രാധാന്യം രാമായണത്തില്‍ വാല്മീകി നല്‍കുന്നുണ്ട് അപ്പോഴും ഊര്‍മ്മിള തഴയപ്പെടുന്നു. സീതയെ കാണാതെ വിലപിക്കുന്ന രാമനെ രാമായണത്തില്‍ അതിതീവ്രതയോടെ വരച്ചുകാട്ടുന്ന കവി ഊര്‍മ്മിളയുടെ പതിന്നാലുകൊല്ലത്തെ വിരഹം കണ്ടില്ലെന്നു നടിക്കുന്നു..യൗവനാരംഭത്തില്‍ തന്നെ പതിയുടെ സാമിപ്യം കിട്ടാതെ അകാലവൈധവ്യം അനുഭവിക്കുന്നവളാണ് ഊര്‍മ്മിള.അവതാരപുരുഷനായ രാമന് അത്രമേല്‍ വിരഹതാപം അനുഭവപ്പെടാന്‍ കഴിയുമെങ്കില്‍ മനുഷ്യജന്മം മാത്രമായ ഊര്‍മ്മിള വിരഹാഗ്നിയില്‍ അത്രമാത്രം ചുട്ടുപൊള്ളുന്നുണ്ടായിരിക്കും.. നിറമുള്ള ഒരു ജീവിതം കൊട്ടാരക്കെട്ടിനുള്ളില്‍ വെറും തേങ്ങലായോതുങ്ങുമ്പോള്‍ സീതയെ മാത്രം നമ്മളെല്ലാവരും കാണുന്നു..അതുമല്ലെങ്കില്‍ വാല്മീകി കാട്ടിത്തരുന്നു. വിധിവൈപരീതങ്ങളുടെ ചക്രവ്യൂഹത്തില്‍ പെട്ട് ഉടര്‍ന്നുലഞ്ഞുപോയ ജീവിതം പിന്നെയൊരിക്കലും ചേര്‍ത്തു വയ്ക്കാന്‍ കഴിയാത്ത ഇവളുടെ ത്യാഗത്തോളം മഹത്വപൂര്‍ണമോ സീതായനം ?? സീതയെ കാട്ടിലുപേക്ഷിച്ചു ബ്രഹ്മചര്യജീവിതം നയിക്കുന്ന രാമന് കൂട്ടായി ഭൌതികസുഖങ്ങള്‍ ത്യജിച്ചു ലക്ഷ്മണന്‍ കൂട്ടിരുന്നപ്പോള്‍ ഒരിക്കല്‍ക്കൂടി അവഗണിക്കപ്പെടുന്നത് ഊര്‍മ്മിളയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മോഹങ്ങളുമാണ്. ആരാലും അറിയപെടാതെ പോയത് അവരുടെ വിഹ്വലതകളും വിഷമങ്ങളും വിങ്ങലുകളുമാണ് .
പാതിവ്രത്യം തപസ്സായിനുഷ്ടിച്ചിട്ടും പതിവ്രതയുടെ പരിവേഷമില്ലാതെ ഭൂമിപുത്രിയുടെ നിഴലാട്ടത്തില്‍ നിറംമങ്ങി പോയൊരു ജന്മമായിരുന്നു ഊര്‍മ്മിളയെന്ന്‍ കരുതുവാന്‍ വയ്യ..കാലത്തിനു ഒരിക്കലും മായ്ക്കാന്‍ കഴിയാത്തൊരു മണിമുത്താണ് ഊര്‍മ്മിള ..ഒരുപക്ഷേ അവളുടെ മനശക്തിയെ .വര്‍ണ്ണിക്കാന്‍ അതിവിശിഷ്ടമായ പദാവലികളാല്‍ അവളുടെ കഥനം നടത്താന്‍ കവി പരാജയപ്പെട്ടത് കൊണ്ടാവാം അവള്ക്കു മൌനം ആഭരണമായി നല്‍കി അന്തപുരത്തിന്റെ ഇടനാഴികളില്‍ അവളെ ഒളിപ്പിക്കാന്‍ വാല്മീകി ശ്രമിച്ചത്.രാമായണത്തില്‍ ശ്രീരാമന്‍ ധ്വജം ആകുമ്പോള്‍ ധ്വജസ്തംഭമാകുന്നത് ലക്ഷ്മണനാണ്..അങ്ങനെ വരുമ്പോള്‍ ആ സ്തംഭത്തിന്റെ അടിത്തറ ആരായിരിക്കും?അത് മറ്റാരുമല്ല കാലാതിവര്ത്തി യായ സ്ത്രീരത്നം ഊര്‍മിള മാത്രമാണ്. വര്‍ത്തമാനകാലത്ത് അവഗണിക്കപ്പെട്ട സ്ത്രീത്വത്തിന്റെ കൈപ്പിടിച്ച്, സമര്‍ത്ഥമായി മായ്ക്കപ്പെട്ട ചരിതങ്ങളുമായി പെണ്മ മുന്നോട്ടു കുതിക്കുമ്പോള്‍ ആണത്തമേ,ഓര്‍ക്കുക അവഗണനയുടെ പുറംതോടുകള്‍ പൊട്ടിച്ചെറിയുമ്പോള്‍ പെണ്‍ശക്തികളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ഇറോം ഷര്‍മിളയേയും സോണി സോറിയെയുമൊക്കെയാണ്.
Post Your Comments