India

ഒരു ഗ്രാമം ദത്തെടുത്ത് ഇരുപത്തിനാലുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി

ബംഗളൂരു: ഇരുപത്തിനാലുകാരനായ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? നന്നായി പഠിക്കുക, ജോലി നേടുക, സമ്പാദിക്കുക. അല്ലേ..? എന്നാല്‍ രാഹുല്‍ പ്രസാദ് എന്ന വിദ്യാര്‍ത്ഥി ചെയ്തത് ഒരു ഗ്രാമത്തെ തന്നെ ദത്തെടുക്കുക എന്നതാണ്.

കര്‍ണ്ണാടകയിലെ ഭദ്രാപുരം എന്ന ഗ്രാമമാണ് രാഹുല്‍ ദത്തെടുത്തത്. ഹക്കി പിക്കിയെന്ന നാടോടി ഗോത്രവര്‍ഗ്ഗക്കാരാണ് ഗ്രാമത്തിലെ താമസക്കാര്‍. നാല് വര്‍ഷം മുമ്പാണ് രാഹുല്‍ ആദ്യമായി ഇവിടെയെത്തുന്നത്. കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു മെഡിക്കല്‍ ക്യാമ്പിനായിരുന്നു അത്. കുട്ടികള്‍ക്ക് ബ്രഷും ടൂത്ത് പേസ്റ്റും സോപ്പും മറ്റും നല്‍കുന്ന വളണ്ടിയറായിരുന്നു അന്ന് രാഹുല്‍. എന്നാല്‍ അതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് വേണ്ടതെന്ന് രാഹുലിന് മനസിലാവാന്‍ അധിക ദിവസമൊന്നും വേണ്ടിവന്നില്ല.

വൃത്തിയെന്താണെന്ന് അറിയാത്ത നാട്ടുകാര്‍. കൊതുകുകള്‍ വിഹരിക്കുന്ന ഓടകള്‍. പോരാത്തതിന് തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനവും. ഐ.ടി.നഗരമായ ബംഗളൂരുവിന്റെ വെറും 50 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്താന്‍ എട്ടുകിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. ഇതെല്ലാം മനസിലുറപ്പിച്ചാണ് രാഹുല്‍ ഗ്രാമം ദത്തെടുക്കുക എന്ന ആശയത്തിലെത്തിയത്.

രാഹുലിന്റെ ജുവനൈല്‍ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി മഞ്ചനായകനഹള്ളി പഞ്ചായത്ത് വികസന ഓഫീസില്‍ നിന്ന് അനുമതിയും വാങ്ങിയിട്ടുണ്ട്. എല്ലാ ആഴ്ച അവസാനങ്ങളിലും ഗ്രാമത്തിന്റെ വളണ്ടിയര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരില്‍ യു.എന്‍. കര്‍മവീര്‍ ചക്ര പുരസ്‌കാരവും ആര്‍.ഇ.എക്‌സ് ഗ്ലോബല്‍ ഫെലോഷിപ്പ് അവാര്‍ഡും രാഹുലിനെ തേടിയെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button