തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25-ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ കസ്റ്റഡി അപേക്ഷയില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു.
മെഡിക്കല്‍ ബോര്‍ഡ് യോഗം നടക്കുന്നതിനാല്‍ ഫെബ്രുവരി 17ന് ആദ്യഹര്‍ജി പിന്‍വലിച്ചെങ്കിലും മണിക്കൂറുകള്‍ക്കകമാണ് രണ്ടാമത്തെ ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് വിവിധ ദിവസങ്ങളിലായി വാദം നടന്നശേഷം വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.
നിയമം ലംഘിച്ച് കസ്റ്റഡിയില്‍ നല്‍കരുതെന്ന വാദത്തിലാണ് പ്രതിഭാഗം.
കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍, വേണമെങ്കില്‍ ആശുപത്രിയില്‍ വൈദ്യസഹായത്തോടെ ചോദ്യം ചെയ്യാമെന്ന നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, കസ്റ്റഡിയില്‍ എല്ലാ മുന്‍കരുതലുമെടുത്ത് ആശുപത്രിയേക്കാള്‍ സുരക്ഷിതത്വം ഉറപ്പുനല്‍കാനാവുമെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.
മാര്‍ച്ച് 11ന് ജയരാജന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കും. ജനുവരി 21ന് പ്രതിചേര്‍ക്കപ്പെട്ട ജയരാജന്‍ ഫെബ്രുവരി 12നാണ് ചികിത്സയില്‍ കഴിഞ്ഞ പരിയാരം സഹകരണ ഹൃദയാലയയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് മാര്‍ച്ച് 11വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
Post Your Comments