NewsTechnology

ഇന്ത്യയുടെ ആറാം ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം ഈ മാസം 10ന്

ചെന്നൈ: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹശൃംഖലയിലെ ആറാമത്തെ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്.1 എഫുമായി പി.എസ്.എല്‍.വി.സി -32 മാര്‍ച്ച് 10 ന് കുതിച്ചുയരും. ചെന്നൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിനാണ് വിക്ഷേപണം നടക്കുക. ഗതി,പരിധി നിര്‍ണയം എന്നിവയ്ക്കുള്ള രണ്ട് ശാസ്ത്രീയ ഉപകരണങ്ങളാണ് ഐ.ആര്‍.എന്‍.എസ്.എസ്.1 എഫില്‍ ഉണ്ടാകുക.

കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായം നല്‍കുകയാണ് ഗതിനിര്‍ണയ ഉപഗ്രഹങ്ങളുടെ ദൗത്യം. നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ചൈനയ്ക്കും ജപ്പാനും ഈ ഉപഗ്രഹ സംവിധാനമുണ്ട്. 7 നാവിഗേഷന്‍ ഉപഗ്രഹങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ശൃംഖലയിലെ അവസാന ഉപഗ്രഹത്തിന്റെ വിക്ഷേപണവും ഈ വര്‍ഷം തന്നെ നടക്കും.

ആദ്യ ഉപഗ്രഹമായ 1 എ 2013 ജൂലായില്‍ പി.എസ്.എല്‍.വി.സി-22 ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 2015 മാര്‍ച്ച് 28നാണ് നാലാമത്തെ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എന്‍.എസ്.ഡി.യുടെ വിക്ഷേപണം നടന്നത്. ഐ.ആര്‍.എന്‍.എന്‍.എസ്.1-ഇ.യുടെ വിക്ഷേപണം ഇക്കഴിഞ്ഞ ജനുവരി 20നായിരുന്നു. 1,420 കോടി രൂപയാണ് മൊത്തം പദ്ധതി ചെലവ്. ഓരോ ഉപഗ്രഹത്തിനും 125 കോടി രൂപ ചെലവ് വരുമെന്നാണ് ഐ.എസ്.ആര്‍.ഒ.യുടെ നിഗമനം.

ഈ വര്‍ഷം ഐ.ആര്‍.എന്‍.എസ്.എസ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദിശനിര്‍ണയ പ്രക്രിയക്ക് അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനം, റഷ്യയുടെ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം എന്നിവയെ ആശ്രയിക്കുന്നത് ഒരുപരിധി വരെ ഒവിവാക്കാനാവും. അമേരിക്കയുടെ ജി.പി.എസ്.പരമ്പരയില്‍ 31 ഉപഗ്രഹങ്ങളാണ് ഉള്ളത്. റഷ്യയുടെ ഗ്ലോനാസ്സില്‍ 23 ഉം യുദ്ധടാങ്കുകള്‍,അന്തര്‍വാഹിനികള്‍, മിസൈലുകള്‍ എന്നിവയുടെ നീക്കത്തിന് കൃത്യത കൈവരുത്തുന്നതടക്കമുള്ള പ്രതിരോധാവശ്യങ്ങള്‍ക്ക് നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍ നിര്‍ണായകമാണ്. 1,425 കിലോഗ്രം ഭാരമുള്ള ഐ.ആര്‍.എന്‍.എസ്.എസ്-1 എഫിന്റെ ആയുസ് 10 വര്‍ഷമാണ്

shortlink

Post Your Comments


Back to top button