ന്യൂഡല്‍ഹി: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഡല്‍ഹിയിലെ ഗൗതംബുദ്ദ നഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. പുലര്‍ച്ചെ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് ബലം പ്രയോഗിച്ച് കയറിയ യുവാവ് ബലാത്സംഗം ചെയ്തതിന് ശേഷം വീടിന് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.
നിലവിളി കേട്ടതിനെത്തുടര്‍ന്ന് ടെറസിന് മുകളില്‍ നിന്ന് ഓടിയെത്തിയ മാതാപിതാക്കളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സമീപവാസിയായ ഇരുപതുകാരന്‍ നിരന്തരമായി ശല്യം ചെയ്തതിനെ തുടര്‍ന്ന് പത്താംക്‌ളാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് സ്‌കൂള്‍ പഠനം നിര്‍ത്തേണ്ടി വന്നിരുന്നു. പിന്നീട് ട്യൂഷനായി പുറത്തുപോകുന്ന സമയത്തും ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
പെണ്‍കുട്ടിക്ക് 95 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടൂതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു.
Post Your Comments