Kerala

ജീവന്‍രക്ഷാ മരുന്നുകളുടെ വില : കേന്ദ്രത്തിനെതിരെ കോടിയേരി

തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകളുടെ വില വന്‍തോതില്‍ ഉയര്‍ത്തുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അടിയന്തരമായി അവസാനിപ്പിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

രാജ്യത്ത്‌ ആവശ്യമായ മരുന്നുകള്‍ക്ക്‌ ന്യായവില ഉറപ്പുവരുത്താനുള്ള ഇന്ത്യന്‍ പാറ്റന്റ്‌ നിയമത്തിലെ നിര്‍ബന്ധിത ലൈസന്‍സ്‌ വ്യവസ്ഥ അസാധുവാക്കാനാണ്‌ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. നിര്‍ബന്ധിത ലൈസന്‍സ്‌ വ്യവസ്ഥ പ്രയോഗിക്കില്ലെന്ന്‌ ഇന്ത്യ സ്വകാര്യമായി ഉറപ്പ്‌ നല്‍കിയിരിക്കുന്നുവെന്ന്‌ അമേരിക്കയിലെ മരുന്ന്‌ ഉല്‍പാദകരുടെ കൂട്ടായ്‌മയായ ഫാര്‍മയും യു.എസ്‌ ചേംബര്‍ ഓഫ്‌ കോമേഴ്‌സും വെളിപ്പെടുത്തിയിരിക്കുകയാണ്‌. ചികിത്സയ്‌ക്ക്‌ ഏറെ ചെലവ്‌ വരുന്ന അര്‍ബുദം, ഡയബറ്റീസ്‌ എന്നിവയുടെ മരുന്നുകള്‍ക്കുള്ള നിര്‍ബന്ധിത ലൈസന്‍സിനുള്ള അപേക്ഷ കഴിഞ്ഞ വര്‍ഷം ഇന്ത്യ നിരസിച്ചതായും ഇവര്‍ വ്യക്തമാക്കിയിരിക്കുകയാണ്‌.

ലാഭം കുന്നുകൂട്ടാനുള്ള കോര്‍പ്പറേറ്റ്‌ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്കായി രാജ്യത്തെ പാവപ്പെട്ടവരെ എറിഞ്ഞുകൊടുക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. നിര്‍ബന്ധിത ലൈസന്‍സിങ്ങിനു പുറമെ ഇന്ത്യന്‍ പാറ്റന്റ്‌ നിയമത്തിലെ മറ്റു മൂന്ന്‌ വ്യവസ്ഥകള്‍ കൂടി പൊളിച്ചെഴുതുന്നതിനുള്ള അണിയറ നീക്കങ്ങളും ഇപ്പോള്‍ സജീവമായി നടന്നുവരികയാണ്‌.

വൃക്കയേയും കരളിനേയും ബാധിക്കുന്ന അര്‍ബുദത്തിന്റെ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന നെക്‌സവര്‍ എന്ന ഗുളിക ചെലവ്‌ കുറഞ്ഞ്‌ ലഭ്യമാക്കാന്‍ 2012ല്‍ പാറ്റന്റ്‌സ്‌ കണ്‍ട്രോളര്‍ പി.എച്ച്‌ കുര്യന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അമേരിക്കന്‍ കമ്പനി സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും കോടതി അവരുടെ വാദം തള്ളുകയാണ്‌ ഉണ്ടായത്‌. ഈ പശ്ചാത്തലത്തിലാണ്‌ സാധാരണ ജനങ്ങള്‍ക്ക്‌ മരുന്ന്‌ അപ്രാപ്യമാക്കുന്ന നടപടി അമേരിക്കന്‍ കമ്പനികള്‍ക്കുവേണ്ടി ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ച ഘട്ടത്തില്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ക്കുവേണ്ടി ഇത്തരം മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനായി ഒരു ഉന്നതാധികാരസമിതിയും രൂപീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ ആരംഭിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളാണ്‌ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.

ലോകത്ത്‌ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക്‌ പല മരുന്നുകളും ലഭ്യമാകുന്ന രാജ്യമാണ്‌ ഇന്ത്യ. മൂന്നാം ലോകരാജ്യങ്ങളിലെ ജനതയുടെ ചികിത്സയ്‌ക്കും ഇന്ത്യയിലെ ഇത്തരം മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌. ഈ സാഹചര്യത്തെ അട്ടിമറിക്കുന്നതിന്‌ ഇന്ത്യന്‍ പേറ്റന്റ്‌ നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങള്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തുതന്നെ ലോകവ്യാപാര കരാറുകളുടെ പേരുപറഞ്ഞ്‌ രാജ്യത്ത്‌ നടന്നിരുന്നു. പാറ്റന്റ്‌ നിയമത്തെ സംരക്ഷിക്കുന്നതിന്‌ ഇടതുപക്ഷം പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലിലൂടെയാണ്‌ ഇത്‌ സംരക്ഷിക്കപ്പെട്ടത്‌. ഇതിനെ തകര്‍ക്കാനാണ്‌ ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക്‌ ഉള്‍പ്പെടെ വന്‍തോതില്‍ വില വര്‍ദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരമായി പിന്‍വലിക്കേണ്ടതുണ്ട്‌. കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്കുവേണ്ടി പാവപ്പെട്ടവര്‍ക്ക്‌ ചികിത്സ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button