KeralaNews

എയ്ഡ്‌സ് രോഗത്തിനെതിരായ നടപടി ബോധവല്‍ക്കരണം മാത്രം

കൊച്ചി: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്തു 3081 പേര്‍ക്ക് എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ്. കഴിഞ്ഞ വര്‍ഷം 1331 പേര്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചപ്പോള്‍ 2014ല്‍ ഇത് 1750 ആയിരുന്നു. ഏറ്റവുമധികം എച്ച്.ഐ.വി ബാധിതരുള്ളത് തിരുവനന്തപുരം ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. വിവരാവകാശ നിയമപ്രകാരം ആരോഗ്യ ഡയറക്ടറേറ്റിനു നല്‍കിയ അപേക്ഷയ്ക്ക് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ലഭ്യമാക്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. അതേസമയം, പരമ്പരാഗത മാര്‍ഗങ്ങളിലൂടെയുള്ള എയ്ഡ്‌സ് വ്യാപനം തടയാന്‍ മാത്രമാണു നടപടിയും ബോധവല്‍കരണ പ്രവര്‍ത്തനവും നടത്തിയതെന്നു വിവരാവകാശരേഖ വ്യക്തമാക്കുന്നു.

ബാര്‍ബര്‍ ഷോപ്പുകളിലെയും ഡന്റല്‍ ക്ലിനിക്കുകളിലെയും അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ വഴി എച്ച്.ഐ.വി പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രാമീണ മേഖലകളിലെ ഒട്ടുമിക്ക ബാര്‍ബര്‍ ഷോപ്പുകളിലും ഷേവിങ് റേസറുകള്‍ അണുവിമുക്തമാക്കാനുള്ള സംവിധാനമില്ല. ഷേവിങ് സമയത്ത് ബ്ലേഡ് മാത്രമാണു മാറുന്നത്. ഷേവിങ്ങിനിടെയുണ്ടാകുന്ന മുറിവിലൂടെ റേസര്‍ വഴി രോഗബാധിതനില്‍നിന്നു മറ്റൊരാളിലേക്കു രോഗാണു പകരാന്‍ സാധ്യതയുള്ളതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലകളിലെ മിക്ക ഡന്റല്‍ ക്ലിനിക്കുകളിലും ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലധികവും ഇതര സംസ്ഥാന തൊഴിലാളി സാന്ദ്രത കൂടിയവയാണ്. എന്നാല്‍, ബാര്‍ബര്‍ ഷോപ്പുകളിലോ, ഡന്റല്‍ ക്ലിനിക്കുകളിലോ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പരിശോധനകളൊന്നും നാളിതുവരെ നടത്തിയിട്ടില്ലെന്നാണു വിവരാവകാശ രേഖയില്‍ നിന്നു വ്യക്തമാകുന്നത്. ഭാവിയില്‍ ഇതു ചെയ്യാനും ഉദ്ദേശിക്കുന്നില്ല. ബോധവല്‍കരണവും കൗണ്‍സലിങ്ങും മാത്രമാണു ഭാവിപരിപാടികളായുള്ളത്.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്നു കുഞ്ഞിലേക്ക്, അണുബാധയുള്ള സൂചിയിലൂടെയും സിറിഞ്ചിലൂടെയും, രോഗബാധിതരുടെ രക്തം സ്വീകരിക്കുന്നതിലൂടെ എന്നിങ്ങനെയുള്ള നാലു പരമ്പരാഗത വഴികളില്‍ മാത്രമാണ് എച്ച്.ഐ.വി പകരുന്നതെന്ന മറുപടിയാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേത്. ഗര്‍ഭനിരോധന ഉറകള്‍ പ്രോല്‍സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണ പരിപാടികളാണ് ഇതുവരെ നടത്തിയതെന്നു സൊസൈറ്റി വിശദീകരിക്കുന്നു. അതേസമയം, കഴിഞ്ഞ രണ്ടു വര്‍ഷത്തിനു മുന്‍പുള്ള കണക്കുകളൊന്നും സൊസൈറ്റിയുടെ പക്കലില്ലെന്നാണു മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button