NewsIndia

കനയ്യ കുമാറിന് മറുപടിയുമായി എബിവിപി

ഫെബ്രുവരി 9-ന് ജെഎന്‍യു കാമ്പസില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ഒരിക്കല്‍പ്പോലും കനയ്യ കുമാറും കൂട്ടരും പട്ടിണിക്കെതിരേയോ, അനാവശ്യ ഇടപെടലുകള്‍ക്കെതിരേയോ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് എബിവിപി രംഗത്തെത്തി. ജാമ്യം ലഭിച്ചതിനു ശേഷമുള്ള കനയ്യയുടെ പ്രസംഗം “വാചകമടിയും നാട്യവും” മാത്രമാണെന്നും എബിവിപി ആരോപിച്ചു.

“കനയ്യക്ക് പുതുതായി ഭരണഘടനാ യന്ത്രങ്ങളിലും, ഇന്ത്യന്‍ ഭരണഘടനയിലും ഉണ്ടായ വിശ്വാസത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വാചകമടിയും, കലഹപ്രേരണയും കൊണ്ട് സത്യം അധികനാള്‍ മൂടി വയ്ക്കാനാവില്ല. “പട്ടിണിയില്‍” നിന്നോ, “അനാവശ്യ ഇടപെടലുകളില്‍” നിന്നോ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഫെബ്രുവരി 9-ന് ഒരിക്കല്‍പ്പോലും മുഴക്കിയിട്ടില്ല, ” ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്‍റ്-സെക്രട്ടറി സൌരഭ് ശര്‍മ പറഞ്ഞു.

“ഫെബ്രുവരി 9-ന് ശേഷം ജെഎന്‍യു-വിലെ ഇടത് സഖ്യത്തിനുണ്ടായ ചീത്തപ്പേരില്‍ നിന്ന് രക്ഷപെടാനാണ് പ്രധാനവിഷയത്തില്‍ നിന്ന്‍ ശ്രദ്ധ തിരിച്ച് വിട്ട്‌, ഇങ്ങനെ സാഹചര്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഉന്നയിക്കുന്നത്. ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണ്, ” ശര്‍മ പറഞ്ഞു.

ജെഎന്‍യു കാമ്പസിലെ ഡിഎസ്‌യു യൂണിറ്റ് കാശ്മീര്‍, നാഗാലാ‌‍ന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പിരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പോസ്റ്റര്‍ പതിച്ചതിനെ കുറ്റപ്പെടുത്താനും അതുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് തുറന്നുപറയാനും കനയ്യ തയാറാണോ എന്ന്‍ എബിവിപി ചോദിച്ചു.

ഇന്ത്യ കാശ്മീരിനെ അനധികൃതമായി കയ്യേറിയിരിക്കുകയാണെന്നും, ഇന്ത്യയുടെ സാമ്രാജ്യത്വരീതികള്‍ ഉപയോഗിച്ച് കാശ്മീരിനെ ചൂഷണം ചെയ്യുകയാണെന്നും തന്‍റെ ലെക്ചറില്‍ പരാമര്‍ശിച്ച നിവേദിത മേനോന്‍ എന്ന അധ്യാപിക മാപ്പു പറയണമെന്നും എബിവിപി ആവശ്യപ്പെട്ടു.

ഇത്തരം പ്രസ്താവനകളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രമേയം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനില്‍ കൊണ്ടുവരണമെന്നും എബിവിപി ആവശ്യമുന്നയിച്ചു.

തങ്ങളെ പിന്തുണയ്ക്കുന്ന ഒരു പെണ്‍കുട്ടിയെ കൊയ്ന ഹോസ്റ്റലില്‍ വച്ച് ഇടത് വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച കാര്യവും ശര്‍മ ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button