ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സര്‍വേ. എന്നാല്‍, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നും ഇന്ത്യ ടി.വിയും സീ-വോട്ടറും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേ പറയുന്നു.
ആസമിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വലിയ ശക്തിയാകുമെന്നും സർവേ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമാകുമെന്നും സര്‍വേ പറയുന്നു. തമിഴ്നാട്ടില്‍ ജയലളിത നയിക്കുന്ന എ.ഐ.എ.ഡി.എം.കെ സഖ്യം ഭരണം നിലനിര്‍ത്തുമെങ്കിലും ഭൂരിപക്ഷത്തില്‍ കുറവുണ്ടാകുമെന്നും സര്‍വേ വിലയിരുത്തുന്നു.
കേരളത്തില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന യു.ഡി.എഫ് സഖ്യം അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 72 സീറ്റ് നേടിയ സഖ്യത്തിന് 49 സീറ്റുകളാണ് ഇത്തവണ സര്‍വേ പ്രവചിക്കുന്നത്. അതേസമയം സി.പി.ഐ.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് 140 ല്‍ 89 സീറ്റുകള്‍ വരെ നേടി അധികാരം പിടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 66 സീറ്റുകളായിരുന്നു ലഭിച്ചത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം ഒരു സീറ്റ് നേടി കേരളത്തില്‍ അക്കൗണ്ട് തുറക്കും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും സര്‍വേ പ്രവചിക്കുന്നു.
44.6 % ആകും എല്‍.ഡി.എഫിന്റെ സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം. യു.ഡി.എഫിന് 39.1 ശതമാനം വോട്ടും ലഭിക്കും. (കഴിഞ്ഞ തവണ ഇത് 45.8 % ആയിരുന്നു)
ബംഗാളില്‍ 294 അംഗ സഭയില്‍ 156 സീറ്റുകളില്‍ വിജയിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും. കഴിഞ്ഞ തവണ 184 സീറ്റുകളായിരുന്നു തൃണമൂല്‍ നേടിയത്. നില മെച്ചപ്പെടുത്തുന്ന ഇടതുമുന്നണി ഇവിടെ 114 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. (കഴിഞ്ഞ തവണ ഇത് 60 സീട്ടുകള്‍ ആയിരുന്നു).
തമിഴ്നാട്ടില്‍ കരുണാനിധിയുടെ ഡി.എം.കെയ്ക്ക് നേരിയ ഭൂരിപക്ഷത്തിന് പിന്നിലാകും. 234 അംഗ സഭയില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ 116 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തും, നിലവില്‍ 203 സീറ്റുകളാണ് എ.ഐ.എ.ഡി.എം.കെയ്ക്ക് ഉള്ളത്. ഡി.എം.കെയ്ക്ക് 101 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്. ഡിഎംകെയ്ക്ക് നിലവിൽ കേവലം 31 സീറ്റു മാത്രമാണ് ഉള്ളത്. ബിജെപിക്ക് സീറ്റൊന്നും ലഭിക്കില്ല. മറ്റുള്ള കക്ഷികള്‍ക്ക് 18 സീറ്റുകള്‍ വരെ ലഭിക്കാം.
ആസാമില്‍, 126 അംഗ സഭയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം 57 സീറ്റുകള്‍ വരെ നേടി ഏറ്റവും വലിയ കക്ഷിയാകും. അതേസമയം, നിലവില്‍ 78 സീറ്റുകളുള്ള മുഖ്യമന്ത്രി തരുണ്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 44 സീറ്റുകളില്‍ ഒതുങ്ങും. ബദറുദ്ദീന്‍ അജ്മലിന്റെ ആള്‍ ഇന്ത്യന്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 19 സീറ്റുകളും മറ്റുള്ളവര്‍ 6 സീറ്റുകളും നേടുമെന്നും സര്‍വേ പറയുന്നു.
Post Your Comments