തിരുവനന്തപുരം : സംസ്ഥാനത്ത് മെയ് പതിനാറിന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്ന മെയ് 21 വരെ മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ കെ മാജി പത്രസമ്മേളനത്തില്‍ അറിയിച്ചു. നൂറ്റിനാല്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഒരു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 19ന് നടക്കും. ബാലറ്റ് പേപ്പറിലും പോസ്റ്റല്‍ ബാലറ്റിലും ഇത്തവണ സ്ഥാനാര്‍ഥിയുടെ ഫോട്ടോ ഉള്‍പ്പെടുത്തും. രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച അനുമതികള്‍ സമയബന്ധിതമായി നല്കുന്ന ഏകജാലക സംവിധാനം ഇ- അനുമതി, വാഹനങ്ങളുടെ ഉപയോഗങ്ങള്‍ സംബന്ധിച്ച് ഇ- വാഹനം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്ന ഇ- പരിഹാരം എന്നിവ ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകളാണ്. കൂടാതെ വോട്ടെടുപ്പ് പ്രക്രിയ അവലോകനം ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗപ്പെടുത്തും.
സംസ്ഥാനത്താകെ 12038 കേന്ദ്രങ്ങളിലായി 21498 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരുക്കുന്നത്. വോട്ടെടുപ്പിന് 2006ന് ശേഷം നിര്‍മിച്ച ഇസിഐഎല്‍ വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വോട്ടുചെയ്യുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും വോട്ടര്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന വിവിപിഎടി സംവിധാനം പത്ത് ജില്ലകളിലെ 12 മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ 64 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്. സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക ഇരുപത്തിയെട്ട് ലക്ഷം രൂപയാണെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് കേന്ദ്ര സേനാവിഭാഗം ഇല്ലാത്തിടത്ത് വെബ്കാസ്റ്റിംഗ്, സിസി ടിവി , സൂക്ഷ്മ നിരീക്ഷകര്‍ ഇവയില്‍ ഏതെങ്കിലും ഒരു സംവിധാനം ഉണ്ടായിരിക്കും. അംഗപരിമിതര്‍, ഗര്‍ഭിണികള്‍, കുട്ടികളുമായി വരുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് വോട്ടിംഗിന് മുന്‍ഗണന ലഭിക്കും.
വോട്ടര്‍ പട്ടികയിലെ പേരുവിവരം അറിയുന്നതിന് www.ceo.kerala.gov.in എന്ന വെബ്സൈറ്റും എസ്. എം. എസും ഉപയോഗിക്കാം, (54242എന്ന നമ്പരിലേക്ക് എസ്. എം. എസ് അയക്കേണ്ട ഫോര്‍മാറ്റ് ELE തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍) വോട്ടര്‍പട്ടിക പരിശോധിക്കുന്നതിന് ജില്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും ടച്ച് സ്ക്രീന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോള്‍ഫ്രീ നമ്പരായ 1950ലും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. വോട്ടെടുപ്പ് ദിവസം വോട്ടിംഗ് ശതമാന വിവരങ്ങള്‍ രണ്ട് മണിക്കൂര്‍ ഇടവിട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ ലഭ്യമാകും. ഇക്കഴിഞ്ഞ ജനുവരി പതിനാലിന് പ്രസിദ്ധപ്പെടുത്തിയ വോട്ടര്‍ പട്ടികയില്‍ സംസ്ഥാനത്താകെ 12326185 പുരുഷവോട്ടര്‍മാരും 13301435 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ ഇത്തവണ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെയും ഓഫീസുകളില്‍ പ്രത്യേക തെരഞ്ഞെടുപ്പ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Post Your Comments