തിരുവനന്തപുരം: പത്താംക്ലാസ് കഴിഞ്ഞവര്‍ക്ക് മോദി സര്‍ക്കാര്‍ 10,000 രൂപ സ്കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന പേരില്‍ വ്യാജ സന്ദേശം വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നു. പത്താംക്ലാസില്‍ 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് 10,000 രൂപയും പ്ലസ് ടുവിന് 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് 25000 രൂപയും ധനസഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുവെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇതിനുള്ള അപേക്ഷാ ഫോറം അതാത് മുനിസിപ്പാലിറ്റികളില്‍ നിന്നും ലഭിക്കുമെന്നും സന്ദേശത്തിലുണ്ട്. ഈ വിവരം അറിയാത്തത് കൊണ്ട് ആര്‍ക്കും സ്കോളര്‍ഷിപ്പ് നഷ്ടമാകരുതെന്നും അതുകൊണ്ട് എല്ലാവരെയും അറിയക്കുവാനും വ്യാജ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇങ്ങനെയൊരു പദ്ധതിയില്ല എന്നതാണ് യാഥാര്‍ഥ്യം. വ്യാജ സന്ദേശം വിശ്വസിച്ച് മുനിസിപ്പാലിറ്റി/പഞ്ചായത്ത് ഓഫീസുകളിലെത്തിയ പലരും നിരാശരായി മടങ്ങി. നേരത്തെയും അന്തരിച്ച മുന്‍ രാഷ്‌ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെയും, മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടേയും പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്കോളര്‍ഷിപ്പ് നല്‍കുന്നതായി വ്യാജ സന്ദേശം പ്രചരിച്ചിരുന്നു.
ജനങ്ങള്‍ ഇത്തരം വ്യാജസന്ദേശങ്ങളില്‍ വീഴരുതെന്നും, പ്രച്ചരിപ്പിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Post Your Comments