ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രം ദുബായില്‍ വരുന്നു. 550 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന മൊത്തവ്യാപാര നഗരത്തിന് മൂവായിരം കോടി ദിര്‍ഹമാണ് നിര്‍മ്മാണ ചെലവ്.
ലോകമെമ്പാടുമുള്ള കച്ചവടക്കാരെ ഒരു കുടക്കീഴില്‍ അണി നിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് ഹോള്‍സെയില്‍ സിറ്റി എന്ന പേരില്‍ പുതിയ വ്യാപാരകേന്ദ്രം നിര്‍മ്മിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനയ്യായിരത്തോളം കച്ചവടക്കാര്‍ക്ക് ഇവിടെ സ്ഥാപനങ്ങള്‍ തുറക്കാനാകും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പവലിയനുകളാണ് ഹോള്‍സെയില്‍ സിറ്റിയുടെ മറ്റൊരു പ്രത്യേകത.
ഭക്ഷ്യപദാര്‍ഥങ്ങള്‍, കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി എല്ലാത്തരം ഉല്‍പ്പന്നങ്ങള്‍ക്കും ഇവിടെ വിപണനകേന്ദ്രമുണ്ടാകും. ജബല്‍ അലി തുറമുഖത്തോടും അല്‍ മക്തൂം വിമാനത്താവളത്തോടും ചേര്‍ന്നാണ് പുതിയ നഗരം തയാറാക്കുക. ആഗോളതലത്തില്‍ യു.എ.ഇയുടെ മൊത്തവ്യാപാര ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതി വഴി സാധിക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വേദിയും ഇതിന്റെ ഭാഗമായി ഒരുക്കും.
Post Your Comments